ഇറാന്‍ പെട്ടതു തന്നെ, സാമ്പത്തിക-സൈനിക ഉപരോധം വീണ്ടും ഏര്‍പ്പെടുത്തി യുഎന്‍

ന്യൂയോര്‍ക്ക്: ആണവപദ്ധതികളുടെ പേരില്‍ ഇറാനെതിരേ സാമ്പത്തിക, സൈനിക ഉപരോധങ്ങള്‍ യുഎന്‍ രക്ഷാസമിതി പുനസ്ഥാപിച്ചു. ഉപരോധം പുനസ്ഥാപിക്കുന്നതിനെ തടയുന്നതിന് ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളുടെ നേതൃത്വത്തില്‍ പലവിധ ശ്രമങ്ങള്‍ നടത്തി വരികയായിരുന്നു. എന്നാല്‍ ഇറാന്റെ നിസഹകരണം നിമിത്തം ഉപരോധമല്ലാതെ മറ്റു വഴിയില്ലെന്ന സാഹചര്യത്തിലേക്ക് യുഎന്‍ എത്തുകയായിരുന്നു. യുറേനിയം സമ്പുഷ്ടീകരണത്തിനു നിരോധനം, വിവിധയിനം ആയുധങ്ങളുമായി ബന്ധപ്പെട്ട നിരോധനം, ബാലിസ്റ്റിക് മിസൈലുകളുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്കു നിരോധനം, ഇറാനിയന്‍ നേതാക്കന്‍മാര്‍ക്കു പാശ്ചാത്യരാജ്യങ്ങളിലുള്ള സ്വത്തുക്കളുടെ മരവിപ്പിക്കലുകള്‍, യാത്രാനിരോധനം എന്നിവയാണ് ഇതോടെ പുനസ്ഥാപിക്കപ്പെട്ടത്. ഇറാന്റ സാമ്പത്തിക സ്ഥിതിക്കുമേല്‍ ഉപരോധം കടുത്ത ആഘാതമേല്‍പിക്കുമെന്നുറപ്പാണ്. 2015ല്‍ യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയുമായി ഇറാനുണ്ടാക്കിയ കരാറിനെ തുടര്‍ന്ന് അതുവരെ നിലനിന്നിരുന്ന ഉപരോധം പിന്‍വലിച്ചതോടെയാണ ഇറാന്‍ സാമ്പത്തികമായി മെച്ചപ്പെടാന്‍ തുടങ്ങിയത്. എന്നാല്‍ അമേരിക്ക 2018ല്‍ ഈ കരാറില്‍ നിന്നു പിന്‍വാങ്ങിയതോടെ ഇറാന്റെ കാര്യം അധോഗതിയാകാന്‍ തുടങ്ങിയിരുന്നു. ഉപരോധം പൂര്‍ണതോതില്‍ പുനസ്ഥാപിക്കപ്പെടുന്നതോടെ കാര്യങ്ങള്‍ ഇതിലുമേറെ വഷളാകുകയേയുള്ളൂ.