ഉംറയുടെ എല്ലാകാര്യങ്ങള്‍ക്കുമായി ഒരൊറ്റ ആപ്പ്, ഏര്‍പ്പെടുത്തിയത് സൗദി സര്‍ക്കാര്‍

റിയാദ്: നുസുക് ആപ്പ് വഴി വിദേശത്തു നിന്നുള്ളവര്‍ക്ക് ഉംറ വിസയ്ക്ക് നേരിട്ട് അപേക്ഷിക്കാമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഏജന്റുമാരുടെയും ഇടനിലക്കാരുടെയും ഇടപെടല്‍ ഇതുവഴി ഒഴിവാക്കാന്‍ സാധിക്കും. ഇതിനുള്ള സൗകര്യം ഇന്നലെ നിലവില്‍ വന്നു. വിസയ്ക്ക് അപേക്ഷിക്കുന്നതിനൊപ്പം ഇതേ ആപ്പ് വഴിയായി ഉംറയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും അപേക്ഷിക്കാവുന്നതാണ്. അംഗീകൃത ഉംറ ഏജന്റുമാരുടെ വിവരങ്ങളും ഈ ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ ഏജന്റുമാരുടെ സേവനം തേടുന്നവര്‍ക്കും ആപ്പ് മുഖേന സാധിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.നിലവില്‍ ഇംഗ്ലീഷ് ഉള്‍പ്പെടെ ഏഴു ഭാഷകളിലാണ് ആപ്പിന്റെ സേവനം ലഭിക്കുന്നത്.