റഷ്യന്‍ വിമാനങ്ങള്‍ക്കു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ അമേരിക്കയുടെ പേട്രിയറ്റ് ജര്‍മനിയോടു വാങ്ങി യുക്രേയ്ന്‍

യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലെന്‍സ്‌കിയുടെ അഭ്യര്‍ത്ഥനപ്രകാരം വീണ്ടും അമേരിക്കന്‍ നിര്‍മ്മിത പേട്രിയറ്റ് വ്യോമസുരക്ഷാ സിസ്റ്റം നല്‍കി അമേരിക്ക. റഷ്യയുടെ ദിനംപ്രതിയുള്ള ആക്രമണത്തെ ചെറുക്കാന്‍ മറ്റു വഴിയില്ലാതെയാണ് സെലെന്‍സ്‌കി അമേരിക്കയോട് കൂടുതല്‍ പേട്രിയറ്റുകള്‍ ആവശ്യപ്പെട്ടത്. എന്നാല്‍, തങ്ങളുടെ സ്വന്തം സുരക്ഷാ ആവശ്യങ്ങള്‍ക്കുള്ള സ്റ്റോക്ക് കരുതിവയ്‌ക്കേണ്ടതിനാലും, നിര്‍മ്മാണത്തിനെടുക്കുന്ന സമയവും മൂലം പേട്രിയറ്റുകള്‍ എത്തിച്ചുകൊടുക്കുന്നതില്‍ അമേരിക്കയ്ക്കും ബുദ്ധിമുട്ടു നേരിട്ടിരുന്നു.

റഷ്യ തങ്ങളുടെ അധിനിവേശത്തിനുശേഷം യുക്രെയ്‌നിലെ നഗരങ്ങളിലേയ്ക്കു നടത്തുന്ന നിരന്തര ആക്രമണങ്ങള്‍മൂലം സാധാരണക്കാര്‍ കൊല്ലപ്പെടുന്നതു സ്ഥിരമായെന്നാണു കരുതപ്പെടുന്നത്. മാത്രമല്ല റഷ്യ യുക്രെയ്‌ന്റെ ഊര്‍ജ്ജവിതരണശൃംഖലയും തടസ്സപ്പെടുത്തുന്നുണ്ട്. യുക്രെയ്ന്‍ പുതിയതായി നിര്‍മ്മിക്കുന്ന മിസൈലുകളും ഡ്രോണുകളും വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്നതു തടയാനാണിതെങ്കിലും, പൊതുജനങ്ങള്‍ക്കും ഇതുമൂലം വലിയ ബുദ്ധിമുട്ടു നേരിടുന്നുണ്ട്.

അമേരിക്കയില്‍ മാത്രം ഉത്പാദിപ്പിക്കപ്പെടുന്ന പേട്രിയറ്റ് സിസ്റ്റം അമേരിക്കയാണ് തങ്ങളുടെ സഖ്യരാജ്യങ്ങള്‍ക്കു നല്‍കുന്നത്. എന്നാല്‍ മുന്‍പു ബൈഡന്‍ സര്‍ക്കാര്‍ ചെയ്തിരുന്നതുപോലെ യുക്രെയ്‌ന് യാതൊരായുധവും നല്‍കാന്‍ ട്രംപ് തയ്യാറല്ല. അതിനാല്‍ ട്രംപ് തങ്ങള്‍ക്കു പേട്രിയറ്റ് സിസ്റ്റം നല്‍കാമെന്ന ഉറപ്പിന്മേല്‍ ജര്‍മനിയാണ് യുക്രെയ്‌നാവശ്യമായ പേട്രിയറ്റ് സിസ്റ്റം ഇത്തവണ കൊടുത്തത്. ഇതിന്റെപേരില്‍ സെലെന്‍സ്‌കി ജര്‍മന്‍ ജനതയ്ക്കും ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സിനും നന്ദിയറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *