ലണ്ടന്‍: ഫ്രാന്‍സിനും കാനഡയ്ക്കും ഓസ്‌ട്രേലിയയ്ക്കും പിന്നാലെ പാലസ്തീനെ അംഗീകരിച്ച് ഇംഗ്ലണ്ടും. പാലസ്തീന്‍ വിഷയത്തില്‍ നിലപാട് രൂപീകരിക്കുന്നതിനായി ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ കൗണ്‍സില്‍ ചേരുന്നതിനു മുമ്പായി ഈ നിര്‍ണായക തീരുമാനം യുകെ സ്വീകരിക്കുകയായിരുന്നു. ഇസ്രയേലും പാലസ്തീനും എന്ന നിലയില്‍ രണ്ടു രാഷ്ട്രങ്ങള്‍ തന്നെയായി നിലനിന്നുകൊണ്ട് സമാധാനത്തിന്റെ മാര്‍ഗം ശക്തമാക്കുന്നതിനും പ്രതീക്ഷ വീണ്ടും നിലനിര്‍ത്തുന്നതിനും വേണ്ടിയാണ് തങ്ങളുടെ തീരുമാനമെന്ന് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിക്കൊണ്ട് യുകെ പ്രധാനമന്ത്രി കെയിര്‍ സ്റ്റാര്‍മര്‍ പറഞ്ഞു.
ഈ പ്രഖ്യാപനത്തോടെ പാലസ്തീനെ അംഗീകരിക്കുന്ന നാലാമത്തെ രാജ്യമായി യുകെ മാറുകയാണ്. നേരത്തെ ഫ്രാന്‍സ്, ഓസ്‌ട്രേലിയ, കാനഡ എന്നീ രാജ്യങ്ങള്‍ പാലസ്തീനെ അംഗീകരിച്ചിരുന്നതാണ്. സമാധാനത്തിലേക്കുള്ള പാതയെ പിന്തുണയ്ക്കുന്നതിനും ഇസ്രയേലി-പാലസ്തീന്‍ ജനതയുടെ തുല്യ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള അന്താരാഷ്ട്ര ശ്രമത്തിന്റെ ഭാഗമായാണ് യുകെയുടെ തീരുമാനമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. അടുത്ത സഖ്യകക്ഷികളായ കാനഡയ്ക്കും ഓസ്‌ട്രേലിയയ്ക്കും ഒപ്പം സ്വീകരിക്കുന്ന ചരിത്രപരമായ ചുവടുവയ്പ് കൂടിയാണിതെന്നും വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം യുകെയുടെ തീരുമാനത്തെ കടുത്ത ഭാഷയിലാണ് ഇസ്രയേല്‍ അപലപിച്ചത്. ഒക്ടോബര്‍ ഏഴിലെ കൂട്ടക്കൊലയ്ക്കു നല്‍കുന്ന പിന്തുണയാണ് യുകെയുടെ തീരുമാനമെന്നാണ് ഇസ്രയേല്‍ പറയുന്നത്.
പാലസ്തീനെ അംഗീകരിച്ച് ഇംഗ്ലണ്ടും. തീരുമാനം ഓസ്‌ട്രേലിയയ്ക്കും കാനഡയ്ക്കും ഫ്രാന്‍സിനും പിന്നാലെ

