ദുബായ്: പ്രവാസികളുടെ സ്വപ്നഭൂമികളില്‍ ഒന്നും ജിസിസി രാജ്യങ്ങളിലെ ഏറ്റവും മികച്ച ജീവിത നിലവാരമുള്ള രാജ്യവുമായ യുഎഇ ഇരട്ട നേട്ടത്തിന്റെ അഭിമാനത്തില്‍. താമസിക്കുന്നതിനും ജോലി ചെയ്യുന്നതിനും ഏറ്റവും മികച്ച രാജ്യമെന്ന ബഹുമതിക്കു പുറമെ ഏറ്റവും മികച്ച തൊഴില്‍ വിപണിയെന്ന നേട്ടം കൂടി യുഎഇ കരസ്ഥമാക്കി. തിരഞ്ഞെടുപ്പ് നടത്തിയത് ഐഎംഡി വേള്‍ഡ് കോംപറ്റിറ്റീവ്നെസ് സെന്റര്‍. ഈ ഏജന്‍സിയുടെ ഈയര്‍ ബുക്കിന്റെ 2025 എഡിഷനിലാണ് ലോകത്തെ പത്തു പ്രധാന തൊഴില്‍ വിപണി സൂചികകളില്‍ യുഎഇ ഒന്നാം സ്ഥാനം നേടിയത്.
വികസനത്തിനും മത്സരക്ഷമതയ്ക്കുമുള്ള ആഗോളമാതൃക എന്ന നിലയില്‍ രാജ്യത്തിന്റെ പ്രശസ്തി വര്‍ധിപ്പിക്കുന്നതാണ് ഈ നേട്ടം എന്നു വിലയിരുത്തപ്പെടുന്നു. വികസിത സമ്പദ്ഘടനകളില്‍ ശക്തമായ മത്സരമുണ്ടായിട്ടും യുഎഇ ഒന്നാം സ്ഥാനം നിലനിര്‍ത്തുകയായിരുന്നു. ഈയര്‍ബുക്കിന്റെ കഴിഞ്ഞ എഡിഷനിലും ഈ സ്ഥാനം യുഎഇക്കു തന്നെയായിരുന്നു. വളരെ കുറഞ്ഞ തൊഴില്‍ തര്‍ക്കങ്ങള്‍, പിരിച്ചുവിടലിനു കുറഞ്ഞ ചെലവ്, തൊഴിലിലെ വളര്‍ച്ച, അന്താരാഷ്ട്ര പ്രവൃത്തി പരിചയം, തൊഴില്‍ വിപണിയിലെ മത്സരക്ഷമത, ജോലിസമയം, തൊഴില്‍ നിരക്ക് എന്നിങ്ങനെ വിവിധ സൂചികകളുടെ അടിസ്ഥാനത്തിലായിരുന്നു കോംപറ്റിറ്റീവ് സെന്ററിന്റെ തിരഞ്ഞെടുപ്പ്.

