ഫിലിപ്പീന്‍സില്‍ ചുഴലിക്കാറ്റ്, 66 മരണം, 26 പേരെ കാണാതായി, കെട്ടിടങ്ങള്‍ തകര്‍ന്നു, ചുഴലിക്കു പിന്നാലെ പ്രളയവുമെത്തി

മനില: ഫിലിപ്പീന്‍സില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ വ്യാപക കെടുതി, ആള്‍നാശം. മധ്യ ഫിലിപ്പീന്‍സില്‍ ഇന്നലെയാണ് കല്‍മേഗി ചുഴലിക്കാറ്റ് വീശിയടിച്ച് നാശം വിതച്ചത്. രാജ്യത്തൊട്ടാകെ അറുപത്താറ് ആള്‍ക്കാര്‍ മരിക്കുകയും ഇരുപത്താറ് പേരെ കാണാതാകുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ചുഴലിക്കാറ്റിനെ തുടര്‍ന്ന് പേമാരിയും വെള്ളപ്പൊക്കവുമുണ്ടാകുകയും നിരവധി വീടുകള്‍ക്കു നാശം സംഭവിക്കുകയും ചെയ്തു. മിക്കയിടത്തും വീടുകളുടെ മേല്‍ക്കൂരകള്‍ക്കു മുകളില്‍ കയറിയിരുന്നാണ് ജനങ്ങള്‍ വെള്ളപ്പൊക്കത്തില്‍ നിന്നു രക്ഷപെട്ടത്. എണ്ണമറ്റ വാഹനങ്ങള്‍ വെള്ളത്തില്‍ ഒഴുകിപ്പോകുകയോ നശിക്കുകയോ ചെയ്തു. മധ്യ ഫിലിപ്പീന്‍സിലെ സെബു പ്രവിശ്യയിലാണ് ഏറ്റവുമധികം നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അഗുസാന്‍ ഡെല്‍ സുര്‍ പ്രവിശ്യയില്‍ രക്ഷാ പ്രവര്‍ത്തനത്തിന് പുറപ്പെട്ട വ്യോമസേനയുടെ ഹെലികോപ്ടര്‍ തകര്‍ന്നു വീണ് ആറു പേര്‍ മരിച്ചു. അടുത്തയിടെയാണ് സെബുവില്‍ കനത്ത ഭൂകമ്പമുണ്ടാകുന്നത്. റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ കെട്ടിടങ്ങള്‍ തകരുകയും ആള്‍ നാശമുണ്ടാകുകയും ചെയ്തിരുന്നു. അതിന്റെ ആഘാതത്തില്‍ നിന്നു കരകയറി വരുമ്പോഴാണ് ഇപ്പോള്‍ ചുഴലിക്കാറ്റും വെള്ളപ്പൊക്കവുമുണ്ടായിരിക്കുന്നത്.

ഫിലിപ്പീന്‍സില്‍ നിന്ന് ചുഴലിക്കാറ്റ് മുന്നോട്ടു നീങ്ങുകയാണിപ്പോള്‍. വിയറ്റ്‌നാമിന്റെയും തായ്‌ലന്‍ഡിന്റെയും ദിശയിലേക്കാണ് കാറ്റിന്റെ സഞ്ചാം. ഫിലിപ്പീന്‍സിന് എല്ലാ സഹായങ്ങളും എത്തിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *