ലഡാക്ക് പ്രക്ഷോഭ നായകന്‍ സോനം വാങ്ചുക് അറസ്റ്റില്‍, അജ്ഞാത കേന്ദ്രത്തിലേക്കു മാറ്റി

ന്യൂഡല്‍ഹി: ലഡാക്ക് കത്തിയ പ്രക്ഷോഭത്തിന്റെ മൂന്നാം നാള്‍ സമരനായകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ സോനം വാങ്ചുക് അറസ്റ്റില്‍. ആളിക്കത്തിയ ജനകീയ പ്രക്ഷോഭത്തില്‍ പോലീസുമായി ഏറ്റുമുട്ടിയ നാലു പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും എഴുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ജനങ്ങളെ കലാപത്തിനു പ്രേരിപ്പിച്ചു എന്ന കുറ്റം ചുമത്തിയാണ് വാങ്ചുക്കിനെ ദേശസുരക്ഷാ നിയമപ്രകാരം അറസ്റ്റു ചെയ്തിരിക്കുന്നത്. അദ്ദേഹത്തെ ഏതോ അജ്ഞാത കേന്ദ്രത്തിലേക്കു മാറ്റിയിരിക്കുകയാണിപ്പോള്‍. ലഡാക്കിനു സംസ്ഥാന പദവി നല്‍കണമെന്നാവശ്യപ്പെട്ട് വാങ്ചുക് നിരാഹാര സമരത്തിലായിരുന്നു. അതിനിടെ അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായി എന്ന വാര്‍ത്ത പ്രചരിച്ചതോടെയാണ് സമരരംഗത്തുണ്ടായിരുന്നവര്‍ പൊടുന്നനെ അക്രമാസക്തരായി മാറിയത്. ഇതോടെ സംഭവങ്ങള്‍ കൈവിട്ടു പോകുന്നതായി മനസിലാക്കിയ വാങ്ചുക് നിരാഹാരം അവസാനിപ്പിക്കുകയും സമരം പിന്‍വലിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചത്തെ അക്രമസംഭവത്തിനു ശേഷം രണ്ടുദിവസം വളരെ സമാധാനപരമായ അന്തരീക്ഷമായിരുന്നു ലഡാക്കില്‍ നിലനിന്നിരുന്നത്. എന്നാല്‍ പെട്ടെന്നാണ് വാങ്ചുകിനെ അറസ്റ്റ് ചെയ്ത് അജ്ഞാത കേന്ദ്രത്തിലേക്കു മാറ്റാനുള്ള തീരുമാനം വരുന്നത്. ഇതിനു മുമ്പു തന്നെ അദ്ദേഹത്തിന്റെ സന്നദ്ധ സംഘടനയക്ക് വിദേശ ഫണ്ട് സ്വീകരിക്കുന്നതിനുള്ള അനുമതി റദ്ദാക്കപ്പെട്ടിരുന്നു. ലഡാക്ക് ഡിജിപി എസ് ഡി സിംഗിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റു ചെയ്തത്. തന്നെ ഇരുമ്പഴികള്‍ക്കു പിന്നിലാക്കുന്നതിനായി കേസുകള്‍ തയാറാക്കിക്കൊണ്ടിരിക്കുന്നതായി കഴിഞ്ഞ ദിവസം വാങ്ചുക് ആരോപിച്ചിരുന്നു.