പ്രിയതമാ നീയെന്‍ കരംപിടിച്ചാല്‍… ഒരു നാടിന്റെ മാതൃകാ ദമ്പതികളായി ഇവര്‍

ബെയ്ജിങ്: ചൈനയിലെ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ താരമായിരിക്കുന്നത് ഒരു കാര്‍മെക്കാനിക്കായ യുവാവാണ്. പേര് ലീ ജുക്‌സിന്‍. വയസ് 39. ഒരു നാട് ഒന്നാകെ ഇയാളെ ആഘോഷിക്കുന്നതിനു പിന്നില്‍ ഭാര്യയോടുള്ള അസ്ഥിയില്‍ പിടിച്ച സ്‌നേഹമാണ് കാരണമായിട്ടുള്ളത്. ഭാര്യയുടെ പേര് ഴാങ് ഷിയിങ്. കഴിഞ്ഞ പന്ത്രണ്ടു വര്‍ഷമായി അന്ധയായ ഭാര്യയുമായി മാത്രമാണ് എവിടെയാണെങ്കിലും ഇയാള്‍ പോകുന്നത്. അതിനു പിന്നില്‍ ഒരു വ്യാഴവട്ടം മുമ്പു കൊടുത്തൊരു വാക്കിനോടുള്ള വിശ്വസ്തതയാണുള്ളത്.
കഥ ഇങ്ങനെ. ഷാഡോങ് പ്രവിശ്യയില്‍ ചെറിയൊരു കാര്‍ വര്‍ക്ക്‌ഷോപ്പ് നടത്തുന്ന ലീ ക്കു താങ്ങാനാവാത്ത കാര്യമായിരുന്നു ഭാര്യക്കു വന്നുഭവിച്ചൊരു നേത്രരോഗം. ഇവരുടെ വിവാഹം നടക്കുന്നതു തന്നെ 2008ലാണ്. അതിനുശേഷം ഏറെ വൈകാതെ തന്നെ ഭാര്യയ്ക്കു രോഗവും ആരംഭിച്ചു. ഏകദേശം അറുപതു ലക്ഷം രൂപയോളം മുടക്കി പരമാവധി ചികിത്സകള്‍ നടത്തിയെങ്കിലും അഞ്ചു വര്‍ഷം കഴിഞ്ഞപ്പോഴേക്കും ഭാര്യയുടെ കാഴ്ചശക്തി പൂര്‍ണമായി നഷ്ടപ്പെടുകയായിരുന്നു. ഇതിനിടയില്‍ അവര്‍ക്കൊരു പുത്രിയും ജനിച്ചു. എനിക്കെന്റെ മകളെ കാണണമെന്നു കരഞ്ഞു പറയുന്ന ഭാര്യയ്ക്കു മുന്നില്‍ അയാള്‍ക്കു വാക്കുകളൊന്നുമുണ്ടായിരുന്നില്ല. സ്വര്‍ഗത്തില്‍ നിന്നു നേരേ നരകത്തിലേക്കു വീണതു പോലെയുള്ള അനുഭവമായിരുന്നു അതെന്ന് ലീ പറയുന്നു. പക്ഷേ, അയാള്‍ ഭാര്യയ്‌ക്കൊരു വാക്കു കൊടുത്തു. അയാള്‍ എവിടെയൊക്കെ പോകുന്നുവോ അവിടെയെല്ലാം ഭാര്യയുടെ കൈ പിടിച്ചു മാത്രമായിരിക്കും മരണം വരെ പോകുക എന്നതായിരുന്നു ആ വാക്ക്.
അതിനൊപ്പം മറ്റൊന്നു കൂടി ചെയ്തു. ഭാര്യ അന്ധയായി മാറുന്ന സമയത്ത് വീടിനുള്ളില്‍ എവിടെയൊക്കെ എന്തൊക്കെ ഫര്‍ണിച്ചര്‍ ഉണ്ടായിരുന്നോ അതിന്റെയൊന്നും സ്ഥാനം ഒരു ഇഞ്ച് പോലും പിന്നീട് മാറ്റിയിട്ടില്ല. ഇയാള്‍ ജോലിക്കു പോകുന്ന സമയത്ത് ഭാര്യയ്ക്ക് വീടിനുള്ളില്‍ സഞ്ചാരത്തിനു തടസം വരാതിരിക്കാനായിരുന്നു ആ തീരുമാനം. അടുക്കളയില്‍ പോലും അങ്ങനെ തന്നെ. ഓരോ സാധനവും എവിടെയിരുന്നുവോ അവിടെത്തന്നെയായിരിക്കും അത് അവരും ആ വീടും ഉള്ളത്രയും നാള്‍. ഇതോടെ ഭാര്യയ്ക്ക് വീട് അത്രമേല്‍ സ്വാതന്ത്ര്യം തരുന്ന ലോകമായി മാറി. അവര്‍ വീണ്ടും പാചകം ചെയ്യാനാരംഭിച്ചു. ജീവിതം പഴയതു പോലെ തന്നെയായി മാറി. എന്തു വന്നാലും ഞാന്‍ ജീവിക്കുക തന്നെ ചെയ്യും എന്ന ഷിയിങ്ങിന്റെ തീരുമാനവും ഇതില്‍ വലിയൊരു കാര്യമായിരുന്നു.
പിന്നീട് ലീ അന്നാട്ടിലെ സാമൂഹ്യ സേവന പരിപാടികളിലൊക്കെ സജീവമാകാന്‍ തുടങ്ങി. താന്‍ ജീവിക്കുന്ന സമൂഹത്തിന് തിരികെയെന്തെങ്കിലും കൊടുക്കണമെന്ന തീരുമാനമായിരുന്നു ഇതിനു പിന്നില്‍. അതുമായി ബന്ധപ്പെട്ട് എവിടെയൊക്കെ പോകുന്നുവോ അവിടെയെല്ലാം ഇയാളുടെ കൈപ്പത്തിക്കുള്ളില്‍ ഭാര്യയുടെ കൈപ്പത്തിയും ഉണ്ടാകുമായിരുന്നു. ഇരുവരും ഒന്നിച്ചു മാത്രമായി എല്ലാ പ്രവര്‍ത്തനങ്ങളും. ഇന്നിപ്പോള്‍ ചൈനയില്‍ മുഴുവന്‍ മാതൃകാ ദാമ്പത്യത്തിന്റെ പ്രതീകങ്ങളായി മാറാന്‍ ഇരുവര്‍ക്കും കഴിഞ്ഞിരിക്കുന്നു.