സിഡ്‌നി: പടിഞ്ഞാറന്‍ സിഡ്‌നിയില്‍ ഒരു ഇന്ത്യന്‍ റസ്റ്റോറന്റിനു മുന്നില്‍ രണ്ടു കാറുകള്‍ കൂട്ടിയിടിച്ച് റോഡരികില്‍ ജോലിയിലേര്‍പ്പെട്ടിരുന്നു മൂന്നു തൊഴിലാളികള്‍ക്കു ഗുരുതരമായി പരിക്കേറ്റു. മുപ്പതു വയസിനുത്തു പ്രായം വരുന്ന മൂന്നുപേരെയും രക്ഷാപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായി തുടരുന്നു. ബ്ലാക്ക് ടൗണില്‍ ബംഗാരിബീ റോഡും ലോക്ക് സ്ട്രീറ്റും തമ്മില്‍ ചേരുന്ന ഭാഗത്ത് ഇന്നലെ രാവിലെ പത്തുമണിയോടെയായിരുന്നു അപകടം. ദേശീസ് കിച്ചന്‍ എന്ന റസ്റ്റോറന്റിനു മുന്നിലെ ഹമ്പില്‍ കയറി നിയന്ത്രണം വിട്ട ഒരു ടൊയോട്ട കൊറോള കാര്‍ എതിര്‍ ദിശയില്‍ നിന്നു വരികയായിരുന്ന ഹോണ്ട സിആര്‍വി കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ഇതോടെ സമീപത്തുണ്ടായിരുന്ന ഒരു മരം പിഴുതു വീഴ്ത്തി ടൊയോട്ട കാര്‍ മറിയുകയും ചെയ്തു. ഇതിനിടെയാണ് സമീപത്തുണ്ടായിരുന്ന തൊഴിലാളികള്‍ അപകടത്തില്‍ പെട്ടത്. ഉടന്‍ സ്ഥലത്തെത്തിയ പോലീസ് തൊഴിലാളികളെ സമീപത്തുള്ള വെസ്റ്റ്മീഡ് ആശുപത്രിയിലേക്കു മാറ്റി. രണ്ടു കാറുകളുടെയും ഡ്രൈവര്‍മാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇരുപതു വയസും മുപ്പതു വയസുമാണ് കാറുകള്‍ ഓടിച്ചിരുന്നവരുടെ പ്രായം. ഇവരെ സമീപത്തുള്ള ബ്ലാക്ക് ടൗണ്‍ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്കു വിധേയരാക്കി. അഗ്നിശമന സേനയില്‍ നിന്നും ആള്‍ക്കാരെത്തിയാണ് മരം മുറിച്ചു മാറ്റിയതും ഗതാഗത തടസം ഒഴിവാക്കിയതും.

