ഇന്ത്യന്‍ ആണവ ശാസ്ത്ര്ജ്ഞരെന്ന വ്യാജേന രേഖകള്‍ വിറ്റു, കോടികള്‍ സമ്പാദിച്ചു, സഹോദരങ്ങള്‍ അറസ്റ്റില്‍

മുംബൈ: ഭാഭാ ആറ്റമിക് റിസര്‍ച്ച് സെന്ററിലെ ലിഥിയം6 റിയാക്ടറിന്റെ രഹസ്യ രൂപരേഖ എന്ന പേരില്‍ രഹസ്യ രേഖ ഇറാനിയന്‍ കമ്പനികള്‍ക്കു വില്‍ക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ജാര്‍ഘണ്ട് സ്വദേശികളായ സഹോദരന്‍മാര്‍ അറസ്റ്റില്‍. ഭാഭ ആറ്റമിക് റിസര്‍ച്ച് സെന്ററിലെ ശാസ്ത്രജ്ഞര്‍ എന്നു സ്വയം പരിചയപ്പെടുത്തിയായിരുന്നു ഇവര്‍ രഹസ്യ ഇടപാടില്‍ ഏര്‍പ്പെട്ടത്. ഇവര്‍ കൈമാറാന്‍ ശ്രമിച്ച രേഖയുടെ ആധികാരികത ഇനിയും തെളിയിക്കപ്പെട്ടിട്ടില്ല. ജാര്‍ഘണ്ട് സംസ്ഥാനത്തെ ജാംഷഡ്പൂര്‍ ജില്ലയില്‍ താമസക്കാരായ അക്തര്‍ ഹുസൈനി ഖുതുബുദീന്‍ അഹമ്മദ്, ആദില്‍ ഹുസൈനി എന്നിവരാണ് മുംബൈ, ഡല്‍ഹി പോലീസ് സംഘങ്ങളുടെ പിടിയിലായത്.

ഇന്ത്യയുടെ ആണവ പദ്ധതിയിലെ ലിഥിയം 6ന്റെ രൂപരേഖ കൈവശമുണ്ടെന്നു പറഞ്ഞാണ് ഇവര്‍ ഇറാനിയന്‍ സംഘത്തെ പരിചയപ്പെടുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി ഇവര്‍ ടെഹറാനിലെത്തിയാണ് കച്ചവട ഇടപാടുകള്‍ സംസാരിച്ചത്. അതിനു ശേഷം ഇന്ത്യ, ദുബായ് എന്നിവിടങ്ങളിലെ ഇറാന്‍ എംബസിയിലും എത്തി. മുംബൈയില്‍ ഒരു ഇറാനിയന്‍ നയതന്ത്രജ്ഞനെയും ഇവര്‍ ഇക്കാര്യം വിശ്വസിപ്പിച്ചിരുന്നു. തികച്ചും ശാസ്ത്രീയമായ പദാവലി ഉപയോഗിച്ച് ഇവര്‍ നടത്തിയ സംസാരത്തിലും പ്രസന്റേഷനിലുമാണ് ഇറാനിയന്‍ സംഘം വീണുപോയത്.

പോലീസ് നടത്തിയ അന്വേഷണത്തില്‍ അക്തര്‍ ഹുസൈനിയില്‍ നിന്ന് ബാര്‍ക്കിലെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെടുത്തു. അലി റാസ ഹൂസൈന്‍, അലക്‌സാണ്ടര്‍ പാല്‍മര്‍ എന്നീ പേരുകളാണ് തിരിച്ചറിയല്‍ കാര്‍ഡുകളിലുണ്ടായിരുന്നത്. കഴിഞ്ഞ 25 വര്‍ഷത്തോളമായി ഇവര്‍ തട്ടിപ്പു തുടരുകയായിരുന്നെന്നും ഓരോ രേഖകളുടെയും കൈമാറ്റത്തിന് കോടികള്‍ പ്രതിഫലമായി വാങ്ങിയിരുന്നുവെന്നും സംശയിക്കപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *