മെല്‍ബണ്‍: മെല്‍ബണിലെ കോബിള്ബാങ്ക് മേഖലയില്‍ രണ്ടു വ്യത്യസ്ത സംഭവങ്ങളില്‍ സായുധരായ അക്രമിസംഘത്തിന്റെ കുത്തേറ്റ് രണ്ടു ബാലന്മാര് കൊല്ലപ്പെട്ടു. ഇവരില്‍ ഒരാള്‍ എല്‍ബിനോ ഔക്കങ് എന്ന തൊഴിലാളിയുടെ മകന് ഡാവു ഔക്കങ് ആണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ടാമത്തെയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. രണ്ടുപേരും സംഭവസ്ഥലത്തു വച്ച് തന്നെ മരിക്കുകയായിരുന്നു. ശനിയാഴ്ച രാത്രിയാണ് സംഭവം. ഇവരെ ആളുമാറി കുത്തിയതാണെന്നു സംശയിക്കപ്പെടുന്നു. അക്രമികള്‍ മാസ്ക് വച്ച് മുഖം മറച്ചിരുന്നു. കൈകളില്‍ വടിവാളുമായി ഏതോ വാഹനത്തില്‍ വന്ന സംഘം കുത്തിയ ശേഷം അതേ വാഹനത്തില്‍ തന്നെ രക്ഷപെടുകയായിരുന്നു.
അക്രമി സംഘത്തില്‍ എട്ടുപേരുണ്ടായിരുന്നതായാണ് സംശയിക്കുന്നതെന്ന് അന്വേഷണത്തിനു നേതൃത്വം നല്കുന്ന ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍ ഗ്രഹാം ബാങ്ക്സ് വെളിപ്പെടുത്തി. ഇവര്‍ ഏതോ ക്രിമിനല്‍ സംഘത്തിന്റെ ഭാഗമാണെന്ന സംശയത്തിലാണ് പോലീസ്. എന്നാല്‍ കൊല്ലപ്പെട്ട കുട്ടികള്‍ ഒരു ക്രിമിനല്‍ സംഘത്തിന്റെയും ഭാഗമായിരുന്നില്ലെന്നും ബാങ്ക്സ് പറഞ്ഞു.
ജോലി സ്ഥലത്തായിരിക്കുമ്പോഴാണ് പുത്രന്റെ മരണവിവരം എല്‍ബിനോ ഔക്കങ് അറിയുന്നത്. അപ്പോള്‍ തന്നെ സംഭവസ്ഥലത്തേക്ക് കുതിച്ചെത്തിയെങ്കിലും അക്രമിസംഘം അതിനകം രക്ഷപെട്ടിരുന്നു. തന്റെ മകന്് യാതൊരു ക്രിമിനല്‍ പ്രവര്‍ത്തനവുമില്ലെന്നും ബാസ്കറ്റ് ബോള്‍ കളിക്കുക മാത്രമാണ് ചെയ്യുന്നതെന്നും എല്‍ബിനോ ഔക്കങ് പറയുന്നു. എന്തിനു വേണ്ടിയാണ് തന്റെ പുത്രനെ കൊന്നതെന്ന് കണ്ടെത്തിത്തരണമെന്നാണ് ദുഖാര്‍ത്തനായ പിതാവിനു പോലീസിനോടു പറയാനുള്ളത്.
മെല്‍ബണില്‍ രണ്ടു ബാലന്മാരെ അജ്ഞാത വാഹനത്തിലെത്തിയ അക്രമിസംഘം കുത്തിക്കൊന്നു
