ലണ്ടന്‍: ബ്രിട്ടനിലെ കേംബ്രിഡ്ജ്‌ഷെയറില്‍ ട്രെയിനിലുണ്ടായ കത്തിക്കുത്തില്‍ നിരവധി യാത്രക്കാര്‍ക്കു കുത്തേറ്റു. ഒമ്പതു പേരുടെ നില അതീവ ഗുരുതരമാണെന്നറിയുന്നു. ഡോണ്‍കാസ്റ്ററില്‍ നിന്ന് ലണ്ടന്‍ കിംഗ്‌സ് ക്രോസിലേക്കുള്ള ട്രെയിനിലാണ് ആക്രമണം നടക്കുന്നത്. സംഭവത്തില്‍ പ്രതികളെന്നു സംശയിക്കുന്ന രണ്ടുപേരെ ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. ഇവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.
എന്താണ് ആക്രമണകാരണമെന്ന് വ്യക്തമായിട്ടില്ല. ട്രെയിന്‍ ഓടിക്കൊണ്ടിരിക്കെയാണ് ആക്രമണമുണ്ടാകുന്നത്. ഇതോടെ തൊട്ടടുത്തായിരുന്ന ഹണ്ടിംഗ്ടണ്‍ സ്‌റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയിടുകയായിരുന്നു. അതിനകം വിവരമറിഞ്ഞ പോലീസ് സ്‌റ്റേഷനില്‍ കാത്തു നില്‍ക്കുകയായിരുന്നു. അവര്‍ അക്രമികളെ ഉടന്‍ പിടികൂടുകയും പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. പോലീസ് എത്തുമ്പോഴും അക്രമികള്‍ ട്രെയിനിനുള്ളില്‍ കത്തിയുമായി നില്‍ക്കുകയായിരുന്നു. അറസ്റ്റിലായ രണ്ടു പേരും ബ്രിട്ടീഷുകാര്‍ തന്നെയാണെന്നറിയുന്നു. ഇതൊരു ഭീകരാക്രമണമാകാമെന്ന സാധ്യത പോലീസ് തള്ളിക്കളയുന്നില്ല.

