സമാധാന നിര്‍ദേശങ്ങള്‍ക്കു ഹമാസ് വഴങ്ങിയില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമെന്ന് ട്രംപ്

വാഷിങ്ടന്‍: ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവുമൊത്ത് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടു വച്ച സമാധാന നിര്‍ദേശത്തിനു വഴങ്ങാന്‍ ഹമാസിനു മുന്നില്‍ അമേരിക്കയുടെ അന്ത്യശാസനം. മൂന്നോ നാലോ ദിവസത്തിനുള്ളില്‍ ഹമാസ് ഇതിനു സമ്മതം മൂളിയിരിക്കണമെന്നാണ് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്. മൂന്നോ നാലോ ദിവസം കാത്തിരിക്കാന്‍ തങ്ങള്‍ തയാറാണ്. എന്താണ് സംഭവിക്കുന്നതെന്നു നോക്കാം. എല്ലാ അറബി രാജ്യങ്ങളും ഇതിനോടു സമ്മതം അറിയിച്ചു കഴിഞ്ഞു, എല്ലാ മുസ്ലീം രാജ്യങ്ങളും സമ്മതം അറിയിച്ചു കഴിഞ്ഞു, ഇസ്രയേലും സമ്മതം അറിയിച്ചു കഴിഞ്ഞു. ഇനി സമ്മതം അറിയിക്കാനുള്ളത് ഹമാസ് മാത്രമാണ്. ട്രംപ് വാര്‍ത്താലേഖകരോടു പറഞ്ഞു. ഈ നിര്‍ദേശങ്ങള്‍ക്കു വഴങ്ങാന്‍ ഹമാസ് തയാറായില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ വളരെ ഗുരുതരമായിരിക്കും. ഹമാസിനു വേണ്ടിയാണ് തങ്ങള്‍ കാത്തിരിക്കുന്നത്. ഒന്നുകില്‍ ഹമാസ് ഇതിനു വഴങ്ങും, അല്ലെങ്കില്‍ വഴങ്ങില്ല. അഥവാ വഴങ്ങാതിരിക്കാനാണ് തീരുമാനമെങ്കില്‍ വളരെ ദുഖകരമായ അവസാനമായിരിക്കും ഉണ്ടാകുക.
വെടിനിര്‍ത്തലിനു പകരമായി ഹമാസിനെ നിരായുധീകരിക്കുക, മാനുഷിക പരിഗണന വച്ചുള്ള സഹായങ്ങള്‍ എത്തിക്കുകയും ഗാസയുടെ പുനര്‍നിര്‍മാണം നടത്തുകയും ചെയ്യുന്നതിനു പകരമായി ഹമാസ് കീഴടങ്ങുക എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് ഇസ്രയേലും അമേരിക്കയും സംയുക്തമായി തയാറാക്കിയിരിക്കുന്ന സമാധാന നിര്‍ദേശത്തിലുള്ളത്.
എന്നാല്‍ ട്രംപിന്റെ സമാധാന പദ്ധതി പഠിക്കാന്‍ സമയം വേണമെന്നാണ് ഹമാസ് ചൊവ്വാഴ്ച പ്രതികരിച്ചത്. സംഘടനയ്ക്കുള്ളിലും പാലസ്തീന്‍ വിഭാഗങ്ങളുമായും കൂടിയാലോചിച്ച ശേഷം പ്രതികരിക്കാമെന്നാണ് ഹമാസ് പറഞ്ഞിരിക്കുന്നത്.