സ്ഡ്നി: ട്രംപിന്റെ വരവ് പുടിനു പുഞ്ചിരിയും സെലന്‍സ്കിക്കു നെഞ്ചിടിപ്പും സമ്മാനിക്കുമോയെന്ന് ലോകം ഉറ്റു നോക്കുകയാണിപ്പോള്‍. യുക്രെയ്ന് യുദ്ധം അവസാനിപ്പിക്കുന്നതിന് ഒരിക്കല്‍ കൂടി മുന്‍കൈയെടുത്തുകൊണ്ട് ട്രംപ് കളത്തിലിറങ്ങിയിരിക്കുകയാണ്. അടുത്ത വെള്ളിയാഴ്ച അലാസ്കയില്‍ ഇരു നേതാക്കളും ഒത്തുചേര്‍ന്ന് യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുകയാണ്. എന്നാല്‍ ഈ ചര്‍ച്ചയില്‍ നിന്ന് യുദ്ധത്തില്‍ പ്രതിരോധ സ്ഥാനത്തു നില്ക്കുന്ന സെലന്‍സ്കിയെ ഒഴിവാക്കുന്നതിനാല്‍ ഫലപ്രാപ്തി എത്രത്തോളമുണ്ടാകുമെന്ന ആശങ്കയും ശക്തമാണ്. സെലന്‍സ്കിയെ കൂടി ഉള്പ്പെടുത്തിക്കൊണ്ടുള്ളതാകണം ചര്‍ച്ചകളെന്ന് കീവും യൂറോപ്പും പലപ്രാവശ്യം ആവശ്യപ്പെട്ടിരുന്നതാണെങ്കിലും ട്രംപ് അതിനു ചെവി കൊടുക്കുന്ന ലക്ഷണമില്ലെന്നതിലാണ് സെലന്‍സ്കിക്കു നെഞ്ചിടിപ്പു കൂടുന്നത്.
കടന്നുകയറ്റക്കാരന് ഒരു തരി ഭൂമി വിട്ടുകൊടുക്കില്ലെന്ന സെലന്‍സ്കിയുടെ പ്രഖ്യാപനം ചര്‍ച്ചകളുടെ ഫലപ്രാപ്തിയില്‍ കരിനിഴല്‍ വീഴ്ത്തിക്കഴിഞ്ഞു. യുക്രെയ്നെ ഒഴിവാക്കിക്കൊണ്ടുള്ള ഏതു തീരുമാനവും ലോക സമാധാനത്തിനെതിരായ തീരുമാനമായിരിക്കുമെന്നും സെലന്‍സ്കി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ യുദ്ധം താന്‍ അവസാനിപ്പിക്കുമെന്നു വീമ്പു പറഞ്ഞുകൊണ്ടാണ് ട്രംപ് അമേരിക്കയില്‍ ഇക്കുറി അധികാരത്തിലേറിയതു തന്നെ. പലവട്ടം സമാധാന ചര്‍ച്ചകളും ടെലിഫോണ്‍ സംഭാഷണങ്ങളും നയതന്ത്ര സന്ദര്‍ശനങ്ങളുമൊക്കെ കഴിഞ്ഞെങ്കിലും ഒന്നും സംഭവിച്ചില്ലെന്നതു മറ്റൊരു കാര്യം. അമേരിക്കയുടെ വടക്കേയറ്റത്തെ സംസ്ഥാനമായ അലാസ്കയില്‍ വച്ച് ഓഗസ്റ്റ് 15നു പുടിനുമായി ചര്‍ച്ച നടത്തുമെന്നാണ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ ്പോസ്്റ്റിലൂടെ ലോകത്തെ അറിയിച്ചത്. വളരെ യുക്തിസഹമായ നടപടിയെന്നു പറഞ്ഞ് ഈ തീരുമാനത്തോടു ക്രെംലിനും യോജിക്കുകയും ചെയ്തു. യുക്രെയ്നും റഷ്യയ്ക്കും ഗുണകരമാകുന്ന രീതിയില്‍ ഏതാനും പ്രദേശങ്ങള്‍ പരസ്പരം വച്ചുമാറുന്നതായിരിക്കുമെന്ന് കഴിഞ്ഞ ശനിയാഴ്ച ട്രംപ് അഭിപ്രായപ്പെട്ടത് ചര്‍ച്ചകളുടെ ഗതി ഏതു ദിശയിലായിരിക്കുമെന്നതിന്റെ സൂചനയുമായി.
എന്തുകൊണ്ട് അലാസ്കയില്‍ വച്ചു ചര്‍ച്ച നടക്കുന്നുവെന്നതും പ്രധാനമാണ്. 1867ല്‍ റഷ്യ അമേരിക്കയ്ക്കു വിറ്റ പ്രദേശമാണ് അലാസ്ക. റഷ്യയുടെ കിഴക്കന്‍ അതിര്‍ത്തിയും അലാസ്കയും തമ്മില്‍ ബെര്‍ലിങ് കടലിടുക്കിന്റെ ദൂരം മാത്രമാണുളളത്. രാജ്യാന്തര ക്രിമിനില്‍ കോടതി പുടിന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്ന വിവരവും ഇതിനിടെ പലരും ഉന്നയിക്കുന്നുണ്ട്. ഇതു പ്രകാരം ഏതെങ്കിലും അംഗരാജ്യത്തില്‍ പുടിന് എത്തുകയാണെങ്കില്‍ അദ്ദേഹത്തെ അവിടെ തടയുന്നതിന് ആ രാജ്യത്തിന് ഉത്തരവാദിത്വമുണ്ടായിരിക്കേണ്ടതാണ്. ഈ സാഹചര്യത്തിലാണ് യുഎഇയില്‍ വച്ചു ചര്‍ച്ച നടത്താമെന്ന സൂചന പുടിന് നേരത്തെ നല്കിയിരുന്നതെന്നു കരുതുന്നു. അല്ലാത്ത പക്ഷം തുര്‍ക്കിയോ ചൈനയോ ഇന്ത്യയോ ചര്‍ച്ചയ്ക്കു വേദിയാകുമെന്ന സൂചനയുമുണ്ടായിരുന്നു.
ത്രിരാഷ്ട്ര ചര്‍ച്ചയിലൂടെ മാത്രമേ പ്രശ്നപരിഹാരമുണ്ടാകൂ എന്ന് സെലന്‍സ്കി അഭിപ്രായപ്പെട്ടിരുന്നതാണെന്നും മറന്നുകൂടാ. യുക്രെയ്നെ കൂടാതെയുള്ള ചര്‍ച്ചകള്‍ ചാപിള്ളയായി പോകുകയേയുള്ളൂവെന്നാണ് സെലന്‍സ്കിയുടെ ഖണ്ഡിതമായ അഭിപ്രായം. എന്നാല്‍ റഷ്യയുടെ മാത്രം താല്പര്യത്തിലാണ് യുക്രെയ്നെ ഒഴിവാക്കി ദ്വിരാഷ്ട്ര ചര്‍ച്ചയിലേക്ക് രണ്ടു ലോക നേതാക്കളെയും എത്തിയിരിക്കുന്നത്. പ്രാരംഭ ചര്‍ച്ചകള്‍ക്കെല്ലാം ശേഷം അന്ത്യഘട്ടത്തില്‍ മാത്രമേ പുടിന്-സെലന്‍സ്കി ചര്‍ച്ചയുടെ ആവശ്യം വരുന്നുള്ളൂവെന്നാണ് ജൂണില്‍ ഈസ്താംബൂളില്‍ നടന്ന സമാധാന ചര്‍ച്ചകളില്‍ റഷ്യന്‍ പ്രതിനിധി അഭിപ്രായപ്പെട്ടിരുന്നത്. അതായത് ആ നിലപാടില്‍ നിന്നു റഷ്യ ഇപ്പോഴും അശേഷം മുന്നോട്ടു വന്നിട്ടില്ല. അങ്ങനെയെങ്കില്‍ ട്രംപ്-പുടിന് കൂടിക്കാഴ്ച കൊ്ണ്ട് എന്തു ഫലം എന്ന ആഗോള ആശങ്ക കൂടുതല്‍ വസ്തുനിഷ്ഠമെന്നു വരുന്നു.
ട്രംപും പുടിനും കൂടിയാല്‍ ചാപിള്ളയായിരിക്കുമോ ഫലം

