വാഷിങ്ടന്‍: ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികളെ രക്ഷിക്കാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നൈജീരിയയിലെ ക്രിസ്ത്യാനികള്‍ അതിജീവന ഭീഷണി നേരിടുകയാണെന്നും മുസ്ലീങ്ങളാണ് അതിനു പിന്നിലെന്നും ട്രംപ് കുറ്റപ്പെടുത്തി. ആയിരക്കണക്കിന് ക്രിസ്ത്യാനികളെയാണ് അവിടെ കൊന്നൊടുക്കുന്നത്. നൈജീരിയയിലും മറ്റു നിരവധി രാജ്യങ്ങളിലും ഇത്തരം അതിക്രമങ്ങള്‍ നടക്കുമ്പോള്‍ കൈയും കെട്ടി നോക്കിനില്ക്കാന് അമേരിക്കയ്ക്കു കഴിയില്ല. ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികളെ രക്ഷിക്കേണ്ടത് ആവശ്യമായതിനാല്‍ നൈജീരിയയെ പ്രത്യേക ശ്രദ്ധ വേണ്ട രാജ്യമായി പ്രഖ്യാപിക്കുന്നതായി ട്രംപ് പറഞ്ഞു.
നൈജീരിയയില്‍ ക്രിസ്ത്യന്‍ വംശഹത്യ നടക്കുന്നുണ്ടെന്ന വാദം നേരത്തെയും ട്രംപ് ഉന്നയിച്ചിരുന്നു. ഇത്തരം ആരോപണങ്ങളും വാദങ്ങളും നൈജീരിയ നേരത്തെയും തള്ളിക്കളഞ്ഞിരുന്നു. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ നൈജരീയയില്വടക്ക് മുസ്ലീം ഭൂരിപക്ഷവും തെക്ക് ക്രിസ്ത്യന്‍ ഭൂരിപക്ഷവുമാണ്. വടക്കു കിഴക്കന്‍ നൈജീരിയയില്‍ കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ ബോക്കോ ഹറാമിന്റെ തീവ്രവാദ ആക്രമണങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി നാല്പതിനായിരത്തിലധികം ആളുകള്‍ക്ക് ജീവന് നഷ്ടപ്പെടുകയും 20 ലക്ഷം ആള്ക്കാര് വീടില്ലാത്തവരായി മാറുകയും ചെയ്തിയിട്ടുണ്ട്.

