വാഷിങ്ടന്‍: അധികാരത്തിലിരിക്കുന്ന നാളുകളില്‍ തന്നെ വാഷിങ്ടനില്‍ തന്റേതായൊരു അടയാളമുദ്ര സ്ഥാപിക്കുന്നതിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതിനായി ലിങ്കണ്‍ മെമ്മോറിയലിനു തെക്കുവശത്തായി ഒരു പാരിസ് സ്റ്റൈല്‍ ആര്‍ച്ചാണ് നിര്‍മിക്കാന്‍ ഉദ്ദേശ്യം. വൈറ്റ് ഹൗസില്‍ ബിസിനസ് പ്രമുഖര്‍ക്കായി കഴിഞ്ഞ ദിവസം നല്‍കിയ അത്താഴ സദ്യയിലാണ് ഇതിനായുള്ള ആഗ്രഹം ട്രംപ് പങ്കുവയ്ക്കുന്നത്.
ഇക്കാര്യം കേട്ടതും അതിനായി ഇരുപത്തഞ്ചു കോടി അമേരിക്കന്‍ ഡോളറാണ് തങ്ങള്‍ കൂട്ടായി നല്‍കാമെന്ന് ബിസിനസ് പ്രമുഖര്‍ അറിയിച്ചത്. എന്നാല്‍ എത്ര പണമാണ് ഇതിനായി ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്നതെന്നു വെളിപ്പെടുത്താന്‍ ട്രംപ് ഇതുവരെ തയാറായിട്ടില്ല. അതേ സമയം താന്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ആര്‍ച്ചിന്റെ മാതൃക അവര്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കുക മാത്രമാണ് ചെയ്തത്. അതേസമയം താന്‍ നടത്താന്‍ പോകുന്ന നിര്‍മിതി അങ്ങേയറ്റം സുന്ദരമായിരിക്കണമെന്ന ആഗ്രഹം പങ്കുവയ്ക്കുക മാത്രമാണ് ചെയ്തത്.
പല അമേരിക്കന്‍ പ്രസിഡന്റുമാരും വൈറ്റ് ഹൗസില്‍ നിന്നിറങ്ങുന്നതിനു മുമ്പായി അവിടെ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിക്കുന്ന എന്തെങ്കിലുമൊക്കെ മാറ്റങ്ങള്‍ വരുത്താറുള്ളതാണ്. അക്കാര്യത്തിലും ട്രംപ് ആര്‍ക്കും പിന്നിലല്ല. വൈറ്റ്ഹൗസിന്റെ ഡിസൈനും നിര്‍മാണവുമൊക്കെ ചെറിയ രീതിയില്‍ പരിഷ്‌കരിച്ചുകൊണ്ടുള്ള മാറ്റങ്ങളാണ് ഇതുവരെ വരുത്തിയിട്ടുള്ളതെല്ലാം. വൈറ്റ് ഹൗസിനു മുന്നിലുണ്ടായിരുന്ന വിശാലമായ റോസപ്പൂന്തോട്ടം കല്ലു പാകിയ വലിയൊരു മുറ്റമാക്കി മാറ്റിയതാണ് ഇതില്‍ ഏറ്റവും പ്രധാനം.
ഏതായാലും ആര്‍ച്ച് നിര്‍മാണം അവിടെ നിന്നൊക്കെ കടന്ന കൈയാണ്. സംഗതി വൈറ്റഹൗസിനു പുറത്താണ്. എന്നു മാത്രമല്ല, സ്മാരകങ്ങള്‍ക്കു ക്ഷാമമൊന്നുമില്ലാത്ത വാഷിങ്ടനില്‍ സ്വന്തമായൊന്നു കൂടി ഇരിക്കട്ടെയെന്ന് അധികാരത്തിന്റെ നാളുകളില്‍ തന്നെ തീരുമാനിക്കുന്നതും മറ്റൊരു ട്രംപ് ടച്ച് എന്നു പറയാം.

