ന്യൂഡല്‍ഹി: റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതില്‍ ഇന്ത്യയോടുള്ള കടുത്ത നീരസം വെളിപ്പെടുത്തി ഇറക്കുമതി തീരുവ നേരത്തെ പ്രഖ്യാപിച്ചതിന്റെ നേരെ ഇരട്ടിയാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. നേരത്തെ ഇരുപത്തഞ്ച് ശതമാനം തീരുവ പ്രഖ്യാപിച്ചിരുന്നത് ഇപ്പോള്‍ അമ്പതു ശതമാനമാക്കിയിരിക്കുകയാണ്. ഇതോടെ അമേരിക്ക ഏറ്റവുമധികം തീരുവ ചുമത്തുന്ന രാജ്യങ്ങിലൊന്നായി ഇന്ത്യ മാറി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി നിലവിലുണ്ടെന്നു കരുതപ്പെട്ടിരുന്ന അടുപ്പമൊന്നും തീരുവയോടടുത്തപ്പോള്‍ ട്രംപിനുണ്ടായില്ല. ഇരുപത്തഞ്ചു ശതമാനം തീരുവ ഇന്നു നിലവില്‍ വരേണ്ടതായിരുന്നെങ്കില്‍ അമ്പതു ശതമാനമായി ഉയര്‍ത്തിയതോടെ നടപ്പാക്കുന്ന തീയതി മൂന്നാഴ്ചത്തേക്കു നീട്ടിയിട്ടുണ്ട്. ഇതു സംബന്ധിച്ച ഉത്തരവില്‍ ട്രംപ് ഇന്ന് ഒപ്പുവച്ചു.
ഇന്ത്യയ്ക്ക് 25 ശതമാനം തീരുവ പ്രഖ്യാപിച്ച വേളയില്‍ റഷ്യന്‍ എണ്ണ ഇടപാടിന്റെ പേരില്‍ പിഴച്ചുങ്കം കൂടിയുണ്ടാകുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നതാണ്. എന്നാല്‍ ഇന്നലെ പുറത്തിറങ്ങിയ ഉത്തരവില്‍ പിഴച്ചുങ്കത്തിന്റെ കാര്യം പരാമര്‍ശിക്കുന്നില്ല. അതു സംബന്ധിച്ച് ഇനിയും വ്യക്തത വരേണ്ടതായിട്ടാണിരിക്കുന്നത്. എന്തു തന്നെയായാലും ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന വ്യവസായികളെ സംബന്ധിച്ചിടത്തോളം തീരെ ശുഭകരമല്ല കാര്യങ്ങള്‍.
അമേരിക്കയുമായി വ്യാപാര കരാര്‍ ഉണ്ടാക്കിയാല്‍ തീരുവയില്‍ ഇളവ് എന്നതായിരുന്നു തുടക്കത്തില്‍ ട്രംപിന്റെ നിലപാട്. അതേ തുടര്‍ന്നാണ് വ്യാപാര കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ഇന്ത്യ ആരംഭിക്കുന്നത്. എന്നാല്‍ കൃഷി, പാല്‍ തുടങ്ങിയവയുടെ കാര്യമെത്തിയതോടെ വ്യാപാര ചര്‍ച്ചകള്‍ അനിശ്ചിതത്വത്തിലായി. അതോടെ ട്രംപിന്റെ ക്രോധം റഷ്യന്‍ എണ്ണയിടപാടിന്റെ പേരിലായി. യുക്രെയ്‌നെതിരേ റഷ്യ നടത്തുന്ന യുദ്ധം ഇന്ത്യ വേണ്ട രീതിയില്‍ കണക്കിലെടുക്കുന്നില്ലെന്ന വിമര്‍ശനവും ഇതിനൊപ്പം ഉയര്‍ന്നു. എന്തൊക്കെയായാലും അമേരിക്കയുമായുള്ള കച്ചവട ഇടപാടുകളില്‍ ഇനിയെന്തൊക്കെയാണ് സംഭവിക്കാന്‍ പോകുന്നതെന്നു കാത്തിരുന്നു കാണണം.
ഇന്ത്യയെ വിടാതെപിടിച്ച് ട്രംപ്, തീരുവ 50 ശതമാനമാക്കി
