വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആയിരുന്നു കഴിഞ്ഞ ഏതാനും ദിവസമായി പഴയ ട്വിറ്ററായ ഇപ്പോഴത്തെ എക്‌സിലെ താരം. ഈ താരപദവി ലഭിച്ചത്, പക്ഷേ, അദ്ദേഹത്തിന്റെ രാഷ്ട്രീയ നടപടികള്‍ ഒന്നിന്റെയും പേരിലായിരുന്നില്ലെന്നു മാത്രം. ട്രംപ് മരിച്ചു (ട്രംപ് ഈസ് ഡെഡ്) എന്ന ഹാഷ്ടാഗിലായിരുന്നു. അതോടെ ലോകമൊട്ടാകെയുള്ള ഡിജിറ്റല്‍ ലോകം സംഭവത്തിന്റെ സത്യാവസ്ഥയറിയുന്നതിനുള്ള പരക്കം പാച്ചില്‍ തുടങ്ങി. അവസാനം രണ്ടു സംശയങ്ങളിലേക്ക് എല്ലാവരുടെയും ധാരണകള്‍ എത്തിച്ചേര്‍ന്നു. ഒന്നുകില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തകരാറിലായിരിക്കുന്നു, അല്ലെങ്കില്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സിന്റെ ഒരു പ്രതികരണം മറുകുറ്റി പാഞ്ഞിരിക്കുന്നു.
ഈ ഹാഷ്ടാഗ് നിന്ന നില്‍പില്‍ വൈറലായത് യുഎസ്എ ടുഡേയ്ക്ക് ജെ ഡി വാന്‍സ് അനുവദിച്ച ഒരു അഭിമുഖത്തിനു ശേഷമായിരുന്നു. ഓഗസ്റ്റ് 27നായിരുന്നു ഈ അഭിമുഖം പ്രസിദ്ധീകരിക്കപ്പെട്ടത്. അഥവാ എതെങ്കിലും അതിഭയങ്കര ദുരന്തമുണ്ടാകുന്ന സാഹചര്യം വന്നാല്‍ കമാന്‍ഡര്‍ ഇന്‍ ചീഫ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നതിനെ താങ്കള്‍ എങ്ങനെ കാണുന്നു എന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു വാന്‍സ്. നിലവില്‍ 79 വയസ് പൂര്‍ത്തിയായ ട്രംപ് ആരോഗ്യവാനും ഏതര്‍ഥത്തിലും കരുത്തനുമാണെന്നു സ്ഥാപിക്കുകയായിരുന്നു ഉത്തരത്തില്‍ വാന്‍സ് ചെയ്തതും. എന്നാല്‍ അതിനൊപ്പം നിര്‍ദോഷമായി ഇങ്ങനെയൊരു പ്രതികരണം കൂടി വായില്‍ നിന്നു വീണുപോയി. എന്നിരിക്കിലും അവിചാരിതമായ സാഹചര്യങ്ങളെ ആര്‍ക്കാണ് തള്ളിക്കളയാനാവുന്നത് എന്നതായിരുന്നു ആ പ്രതികരണം.
വാന്‍സിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. ‘എല്ലാ രാത്രിയിലും അവസാനം ലഭിക്കുന്ന ഫോണ്‍കോള്‍ ട്രംപിന്റെയാണ്. എല്ലാ ദിവസവും ആദ്യം ലഭിക്കുന്ന ഫോണ്‍കോളും അദ്ദേഹത്തിന്റെയാണ്. എങ്കിലും എവിടെയാണ് ഭയാനകമായ സംഗതികള്‍ സംഭവിച്ചു കൂടാത്തത്. അമേരിക്കന്‍ പ്രസിഡന്റ് തികഞ്ഞ ആരോഗ്യവാനാണെന്നും ശേഷിക്കുന്ന കാലമത്രയും തന്റെ സ്ഥാനത്തു തന്നെ തുടര്‍ന്ന് അമേരിക്കയ്ക്കു വേണ്ടി മഹത്തായ കാര്യങ്ങള്‍ അദ്ദേഹം ചെയ്യുമെന്നുമുള്ള കാര്യത്തില്‍ എനിക്കുറപ്പുണ്ട്. ഇതൊക്കെയാണെങ്കിലും, അങ്ങനെയൊന്നു സംഭവിക്കാതിരിക്കട്ടെ, മറിച്ച് ദുരന്തകരമായ കാര്യം സംഭവിച്ചാല്‍ കഴിഞ്ഞ ഇരുനൂറ് ദിവസം കൊണ്ട് എനിക്കു ലഭിച്ച തൊഴില്‍ പരിശീലനത്തെക്കാള്‍ മികച്ചതൊന്നിനെപ്പറ്റി ചിന്തിക്കാന്‍ സാധിക്കില്ല.’
ഒരു പക്ഷേ, അദ്ദേഹം ട്രംപിന്റെ പിന്തുടര്‍ച്ചയെക്കുറിച്ചുള്ള സൂചന ഈ വാക്കുകളിലൂടെ കൊടുത്തതായിരിക്കും ഇത്തരം ഹാഷ്ടാഗിനു ജന്മം കൊടുത്തത്. അങ്ങനെയാണെങ്കിലും അല്ലെങ്കിലും ട്രംപിന്റെ ആരോഗ്യാവസ്ഥയെക്കുറിച്ച് അമേരിക്കയില്‍ ആശങ്കകള്‍ പണ്ടേയുണ്ട്. അദ്ദേഹത്തിന്റെ നീരുകൊണ്ട കാല്‍പാദങ്ങളാണ് ഈ സംശയത്തിലേക്കു നയിച്ചത്. അദ്ദേഹത്തിന് ക്രോണിക് വീനല്‍ ഇന്‍സഫിഷ്യന്‍സി എന്ന അവസ്ഥയുണ്ടെന്ന് വൈറ്റ്ഹൗസ് തന്നെ കഴിഞ്ഞ ജൂലൈയില്‍ സൂചന നല്‍കുകയും ചെയ്തിരുന്നതാണ്.
അറിഞ്ഞോ, ട്രംപ് മരിച്ചു. ഡിജിറ്റല്‍ ലോകത്ത് ഒരു ഹാഷ്ടാഗ് കൊടുങ്കാറ്റായി മാറിയപ്പോള്‍
