ന്യൂയോര്‍ക്ക്: ഫുട്ബോളിനുള്ള ഫിഫ ലോകകപ്പില്‍ ഒന്നു തൊടാനെങ്കിലും യോഗമുണ്ടാകുന്നത് കഷ്ടപ്പെട്ട് കളിച്ചു ജയിക്കുന്നവര്‍ക്കാണ്. ഫിഫ കപ്പ് മുന്നില്‍ കണ്ടപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് അതിലൊന്നു തൊടണം. പിന്നീട് അതൊന്നു കൈയിലെടുക്കണം. അതുകഴിഞ്ഞപ്പോള്‍ അടുത്ത ചോദ്യം, ഇതു ഞാന്‍ വച്ചോട്ടെ. കഴിഞ്ഞ ദിവസം വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസിലാണ് സംഭവം നടക്കുന്നത്.
അടുത്ത വര്‍ഷം ഫുട്ബോള്‍ ലോകകപ്പ് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നത് അമേരിക്കയും മെക്സിക്കോയും കാനഡയും സംയുക്തമായാണ്. ഈ ലോകകപ്പിനുള്ള നറുക്കെടുപ്പിന് വാഷിങ്ടണിലെ ജോണ്‍ എഫ് കെന്നഡി സെന്റര്‍ ഫോര്‍ പെര്‍ഫോമിങ് ആര്‍ട്സ് വേദിയാകുകയാണ്. ഡിസംബര്‍ അഞ്ചിനായിരിക്കും നറുക്കെടുപ്പ് നടക്കുക. പ്രധാന മത്സരങ്ങളും നടക്കുന്നത് യുഎസില്‍ തന്നെ. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കാണ് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ ഓവല്‍ ഓഫീസില്‍ എത്തുന്നത്. ഫിഫ കപ്പും ഒപ്പമുണ്ട്. അടുത്ത വര്‍ഷം യുഎസില്‍ വച്ച് ഞങ്ങള്‍ ലോകത്തെ ഒന്നിപ്പിക്കുകയാണെന്നു പറഞ്ഞ് ഫിഫ കപ്പ് കാണുന്നതിനായി ട്രംപിനു കൈമാറുന്നു. അപ്പോഴാണ് ട്രംപത്തം നിറഞ്ഞ ക്ലാസിക്കല്‍ ചോദ്യം വരുന്നത്. ഇതു ഞാനെടുത്തോട്ടെ. നറുക്കെടുപ്പിനു വേദിയാകുന്ന കെന്നഡി സെന്ററിനെ ട്രംപ്-കെന്നഡി സെന്റര്‍ എന്നു പേരുമാറ്റാമോയെന്ന് അടുത്ത ചോദ്യം.
ആകെ 48 ടീമുകളാണ് അടുത്ത വര്‍ഷത്തെ ലോക കപ്പ് ഫുട്ബോളില്‍ പങ്കെടുക്കുന്നത്. ആകെ 104 മത്സരങ്ങളുണ്ടായിരിക്കും. ഇതിന് ആതിഥേയത്വം വഹിക്കുന്നതിലൂടെ യുഎസ് സമ്പദ് വ്യവസ്ഥയിലേക്ക് 30 ഡോളറിന്റെ വരവാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഈ കപ്പ് ഞാനങ്ങെടുത്തോട്ടെ, ചോദിക്കുന്നത് ട്രംപ്, കൈയിലുള്ളത് ഫിഫ കപ്പ്
