അമേരിക്കന്‍ പണം കൊണ്ടാരും ട്രാന്‍സ്ജന്‍ഡറുകളെ നന്നാക്കേണ്ടെന്ന് ട്രംപ്

വാഷിങ്ടന്‍: അമേരിക്കയില്‍ നിന്നു സാമ്പത്തിക സഹായം കൈപ്പറ്റിക്കൊണ്ട് ട്രാന്‍സ്ജന്‍ഡറുകള്‍ക്ക് സേവനമെത്തിക്കുന്ന എല്ലാ രാജ്യാന്തര, വിദേശ ഏജന്‍സികളെയും പൂട്ടാനുറച്ച് ട്രംപ്. ഇക്കൂട്ടര്‍ക്ക് ഇനിമേല്‍ അമേരിക്കയുടെ സാമ്പത്തിക സഹായം അനുവദിക്കില്ല. ട്രാന്‍സ്ജന്‍ഡറുകളെ ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന കടുംപിടുത്തം മുന്നോട്ടു കൊണ്ടുപോകുന്നതിന് ഇതിനെ മെക്‌സിക്കോ സിറ്റി പോളിസിയുടെ ഭാഗമാക്കാനാണ് ട്രംപിന്റെ തീരുമാനം. അമേരിക്കയുടെ സാമ്പത്തിക സഹായം കൈപ്പറ്റിക്കൊണ്ട് ആരും ഗര്‍ഭച്ഛിദ്രത്തെ പ്രോത്സാഹിപ്പിക്കുകയോ ആ മേഖലയില്‍ സേവനമനുഷ്ടിക്കുകയോ ചെയ്യാന്‍ പാടില്ലെന്നതാണ് മെക്‌സിക്കന്‍ പോളിസിയുടെ കാതല്‍. ഈ നയത്തിന്റെ പരിധികള്‍ വിപുലമാക്കിക്കൊണ്ട് ലിംഗ രാഷ്ട്രീയം, ട്രാന്‍സ്ജന്‍ഡര്‍ പരിരക്ഷ, എല്‍ജിബിടിക്യു ആശയപ്രചാരണം തുടങ്ങിയ കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തും. അപ്പോള്‍ സ്വാഭാവികമായും സാമ്പത്തിക സഹായം അനുവദിക്കുന്നതിനു കര്‍ശന നിബന്ധനകള്‍ കൊണ്ടുവരാനുമാകും. ഈ നയം പൂര്‍ണമായി നടപ്പാകുന്നതോടെ നിരവധി വിദേശ സര്‍ക്കാരുകള്‍ക്കും ഐക്യരാഷ്ട്ര സഭയുടെ പങ്കാളിത്ത സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാനാവാത്ത അവസ്ഥയുണ്ടാകും. അവയൊക്കെ അമേരിക്കന്‍ സഹായത്തില്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ലോകം ഭിന്ന ലൈംഗികതയെ അംഗീകരിക്കുകയും ട്രംപ് അംഗീകരിക്കാതിരിക്കുകയും ചെയ്യുന്നതു മൂലമുള്ള പ്രതിസന്ധിയാണ് ഇങ്ങനെ രൂപപ്പെടുന്നത്.