ഇന്ത്യയും ചൈനയും ഉള്‍പ്പെടെ 23 രാജ്യങ്ങള്‍ നിരോധിത-മയക്കു മരുന്നുകളുടെ ഉല്‍പാദന വിപണനത്തിലെന്നു ട്രംപ്

വാഷിങ്ടന്‍: ഇന്ത്യയ്‌ക്കെതിരേ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുതിയൊരു പോര്‍മുഖം കൂടി തുറന്ന് പുതിയ ആരോപണവുമായി രംഗത്ത്. ഇന്ത്യ നിരോധിത മരുന്നുകളുടെയും നിയമവിരദ്ധ ലഹരിപദാര്‍ഥങ്ങളുടെയും ഉല്‍പാദനത്തിലും വിപണനത്തിലും മുന്‍പന്തിയിലാണെന്ന പുതിയ ആരോപണമാണ് ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത്. ഇക്കൂടെ ചൈനയെയും മറ്റ് 21 രാജ്യങ്ങളെ കൂടിയാണ് ട്രംപ് ഉള്‍പ്പെടുത്തിയാണ് ആരോപണം.നിയമവിരുദ്ധ ലഹരി മരുന്നുകളും അവയുടെ നിര്‍മാണത്തിനാവശ്യമായ രാസപദാര്‍ഥങ്ങളും നിര്‍മിക്കുകയും കടത്തുകയും ചെയ്യുന്നതിലൂടെ ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള 23 രാജ്യങ്ങള്‍ അമേരിക്കയുടെ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുകയാണെന്നു ട്രംപ് പറയുന്നു.
ട്രംപിന്റെ പട്ടികയില്‍ ഇന്ത്യയ്ക്കും ചൈനയക്കും പുറമെയുള്ള പ്രധാനരാജ്യങ്ങള്‍ അഫ്ഗാനിസ്ഥാന്‍, മെക്‌സിക്കോ, പാക്കിസ്ഥാന്‍, പെറു, ജമൈക്ക, വെനസ്വേല, പനാമ തുടങ്ങിയവയാണ്.
ട്രംപിന്റെ ലിസ്റ്റില്‍ പറയുന്ന രാജ്യങ്ങളെല്ലാം നിയമവിരുദ്ധ മരുന്നുകള്‍ ഉല്‍പാദിപ്പിക്കുന്നു എന്നര്‍ഥമാക്കേണ്ടതില്ലെന്നാണ് ഇതു സംബന്ധിച്ച വിശദീകരണം. എന്നാല്‍ ഇവയൊക്കെയും മരുന്നു കടത്തിന് വേണ്ട സൗകര്യമൊരുക്കുന്നു എന്നര്‍ഥവുമുണ്ട്. പട്ടികയില്‍ പറയുന്ന രാജ്യങ്ങള്‍ സ്വന്തം നിലയ്ക്കും കൂട്ടായും ഇത്തരം മരുന്നുകളുടെ ഉല്‍പാദനവും കടത്തല്‍ സൗകര്യവും നിര്‍ത്തലാക്കണമെന്നു അമേരിക്കന്‍ കോണ്‍ഗ്രസിനു മുന്നില്‍ ട്രംപ് സമര്‍പ്പിച്ച പട്ടികയില്‍ പറയുന്നു. ഭൂമിശാസ്ത്രപരമോ സാമ്പത്തികമോ വാണിജ്യപരമോ ആയ താല്‍പര്യങ്ങളുടെയും സൗകര്യങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ രാജ്യങ്ങള്‍ മരുന്നുണ്ടാക്കുന്നവരോ മരുന്നു കടത്താന്‍ സൗകര്യം ചെയ്യുന്നവരോ ആയി മാറുന്നതെന്നും പറയുന്നു. ചൈനയെ വളരെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്ന ട്രംപ് അവരെ ഫെന്റാനൈല്‍ ഉല്‍പാദനത്തിനു വേണ്ട അസംസ്‌കൃത വസ്തുക്കളുടെ ഏറ്റവും വലിയ സപ്ലൈയര്‍ എന്നാണ് വിളിക്കുന്നത്.