ഇത്രയും സമാധാന നോബലോ, ട്രംപ് ഏഴു യുദ്ധങ്ങള്‍ തീര്‍ത്തതിനാല്‍ ഏഴു നോബലിനു യോഗ്യനെന്ന്

വാഷിങ്ടന്‍: ഇക്കണക്കിനാണെങ്കില്‍ ട്രംപിനു കൊടുക്കാന്‍ വേണ്ടി മാത്രം കുറേയധികം നോബല്‍ സമ്മാനങ്ങള്‍ വേണ്ടിവരുമോയെന്നു സംശയിക്കണം. കാരണം ഏഴുയുദ്ധങ്ങള്‍ക്ക് അവസാനമുണ്ടാക്കിയെന്നും അങ്ങനെ ഏഴു നോബല്‍ സമ്മാനങ്ങള്‍ക്ക് അര്‍ഹനാണെന്നും ട്രംപ്. ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിക്കാന്‍ നടത്തിയ ഇടപെടലിന്റെ വാദം ആവര്‍ത്തിക്കുകയായിരുന്നു ട്രംപ്. താന്‍ ഇടപെട്ടതു കൊണ്ടാണ് യുദ്ധം അവസാനിപ്പിക്കാന്‍ സാധിച്ചതായി വീണ്ടും അവകാശവാദം ഉന്നയിച്ച ശേഷമാണ് വേറെ ഏഴുയുദ്ധങ്ങള്‍ കൂടി അവസാനിപ്പിച്ച കഥയിലേക്കു നീങ്ങുന്നത്.
തായ്‌ലന്‍ഡ്, കംബോഡിയ, അര്‍മേനിയ, അസര്‍ബൈജാന്‍, സെര്‍ബിയ, ഇസ്രയേല്‍, ഇറാന്‍, ഈജിപ്ത്, എത്യോപ്യ, റുവാണ്‍ഡ, കോംഗോ എന്നിങ്ങനെയുള്ള രാജ്യങ്ങള്‍ തമ്മില്‍ തമ്മിലുള്ള പ്രശ്‌നങ്ങളിലാണ് താന്‍ ഇടപെട്ട് പരിഹാരം ഉണ്ടാക്കിയതെന്ന് ട്രംപ് പറയുന്നു. അതില്‍ അറുപതു ശതമാനവും അവസാനിപ്പിക്കാന്‍ സാധിച്ചത് അതതു രാജ്യങ്ങള്‍ക്ക് അമേരിക്കയുമായി വ്യാപാരം ബന്ധം നിലവിലുള്ളതു കൊണ്ടായിരുന്നു. യുദ്ധം തീര്‍ത്തില്ലെങ്കില്‍ വ്യാപാരം ശരിക്കു നടക്കില്ലെന്ന് അവര്‍ക്കറിയാമായിരുന്നു. എന്നാല്‍ റഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധത്തില്‍ ഒന്നും ചെയ്യാനാവാതെ പോയെങ്കിലുംഎങ്ങനെയെങ്കിലും അതും അവസാനിപ്പിക്കുമെന്നാണ് ട്രംപ് പറയുന്നത്.