ലഹരിയില്‍ ട്രക്ക് ഓടിച്ച് മൂന്നു പേരെ കൊന്നു, ഇന്ത്യക്കാരന്‍ ഡ്രൈവര്‍ യുഎസില്‍ പിടിയില്‍

സാന്‍ ബര്‍ണാര്‍ഡിനോ: ട്രക്ക് ഇടിച്ചു മൂന്നു പേര്‍ മരിക്കാനിടയായ സംഭവത്തില്‍ ഇന്ത്യന്‍ പൗരന്‍ അമേരിക്കയില്‍ അറസ്റ്റില്‍. ദക്ഷിണ കാലിഫോര്‍ണിയയിലാണ് സംഭവം. ലഹരി ഉപയോഗിച്ച് സെമിട്രക്ക് ഓടിച്ച് അപകടം ഉണ്ടാക്കിയ ജഷന്‍പ്രീത് സിംഗ് ആണ് പിടിയിലായിരിക്കുന്നത്. അപകടത്തില്‍ മൂന്നു പേര്‍മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ലഹരി ഉപയോഗിച്ചശേഷം അശ്രദ്ധമായി വാഹനമോടിച്ച് ആളപായം ഉണ്ടാക്കിയെന്ന കുറ്റമാണ് ഇയാളില്‍ ചുമത്തിയിരിക്കുന്നത്. സാന്‍ബര്‍ണാര്‍ഡിനോ കൗണ്ടിയിലെ ഫ്രീവേയില്‍ സാവധാനം നീങ്ങുകയായിരുന്ന വാഹനങ്ങള്‍ക്കിടയിലേക്കാണ് ഇയാളോടിച്ച ട്രക്ക് ഇടിച്ചു കയറിയത്. സിംഗിന്റെ ട്രക്കിലെ ഡാഷ് ക്യാമറയില്‍ പതിഞ്ഞ അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഗതാഗതക്കുരുക്കില്‍ പെട്ടു കിടക്കുന്ന വാഹനങ്ങളെയും സമീപം പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളെയും ഇയാളുടെ ട്രക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ലഹരിയുടെ പിടിയിലായിരുന്നതു കൊണ്ട് വാഹനം ബ്രേക്ക് ചെയ്യുന്ന കാര്യം ഇയാള്‍ മറന്നുവെന്നാണ് സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ പോലീസ് പറയുന്നത്.

2022ലാണ് യുഎസിന്റെ തെക്കന്‍ അതിര്‍ത്തി വഴി ജഷന്‍പ്രീത് സിംഗ് അമേരിക്കയിലെത്തുന്നത്. കാലിഫോര്‍ണിയയിലെ എല്‍ സെന്‍ട്രോ സെക്ടറില്‍ വച്ച് ഇയാളെ ബോര്‍ഡര്‍ പട്രോള്‍ ഏജന്റുമാര്‍ പിടികൂടിയിരുന്നു. എന്നാല്‍ ഹിയറിംഗുകള്‍ക്കായി കാത്തിരിക്കുന്ന അനധികൃത കുടിയേറ്റക്കാരെ വിട്ടയയ്ക്കുന്നതിന്റെ ഭാഗമായി ബൈഡന്‍ ഭരണകൂടം ഇയാളെ രാജ്യത്തിനകത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കുകയായിരുന്നു.