വാന്‍കൂവര്‍: കൊടുംകാട്ടില്‍ തനിച്ച് അകപ്പെടുക എന്നത് എത്ര ഭീതിജനകമായ കാര്യമാണ്. കൈയില്‍ ഭക്ഷിക്കാനൊന്നുമില്ലെങ്കിലോ, അതിലും ഭീകരം. കുടിക്കാന്‍ കൂടി ഒന്നുമില്ലെങ്കില്‍, ചിന്തിക്കാനാവുന്നതിനപ്പുറം ഭീകരം. ഇങ്ങനെ ഒമ്പതു ദിവസം മുഴുവന്‍ കഴിയേണ്ടി വന്നാലോ… മരിച്ചതു തന്നെ. എന്നിട്ടും രക്ഷപെട്ടതിന്റെ കഥയാണ് കാനഡയില്‍ നിന്ന് ട്രക്ക് ഡ്രൈവറായ ആന്‍ഡ്രൂ ബാര്‍ബര്‍ പറയുന്നത്. വെറും ചെളിവെള്ളം മാത്രം കുടിച്ച് പ്രാണന് പിടിച്ചു നിര്‍ത്തിയ ഒരാഴ്ചയും രണ്ടു ദിവസവും.
ജൂലൈ 31നാണ് ആന്‍ഡ്രൂവിനെ കാണാതാകുന്നത്. ജോലിക്കിടയില്‍ വടക്കന്‍ വാന്‍കൂവര്‍ പ്രദേശത്തുവച്ച് ഇയാളുടെ ട്രക്ക് കേടാകുകയായിരുന്നു. വാന്‍കൂവറിലേക്ക് അവിടെ നിന്ന് 587 കിലോമീറ്റര്‍ ദൂരം. കാണാതായെന്ന വാര്‍ത്ത പുറത്തു വന്നതു മുതല്‍ ക്വെസ്നല്‍ സെര്‍ച്ച് ആന്‍ഡ് റെസ്ക്യൂ എന്ന ഏജന്‍സി ഇയാള്‍ക്കായി തിരച്ചില്‍ നടത്തുകയായിരുന്നു. സന്നദ്ധപ്രവര്‍ത്തകരുടെ ഒരു സംഘമാണ് ക്വെസ്നല്‍. മുപ്പതിനായിരത്തോളം ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്ത് തിരച്ചില്‍ സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ ഇവര്‍ ഏറ്റെടുക്കാറുണ്ട്.
കൊടുംകാട്ടിലൂടെയുള്ള ഒരു റോഡില്‍ വച്ചാണ് ആന്‍ഡ്രുവിന്റെ വണ്ടി കേടാകുന്നത്. രക്ഷയില്ലെന്ന് ഇയാള്‍ക്ക് രൊക്കമേ ബോധ്യമായി. സുരക്ഷിതമായൊരു സ്ഥലമാണ് ആദ്യമായി തേടിയത്. തെളിഞ്ഞൊരു സ്ഥലം തേടി കാടിനുള്ളിലേക്കു പോയത് അഞ്ചു കിലോമീറ്റര്‍. അവിടെ ഒരു വലിയ പാറ. അതിനടുത്ത് കുഴഞ്ഞ ചെളിയും ചെളി വെള്ളവും. ആദ്യമേ ചെളികൊണ്ട് ഒരു ചെറിയ മറയുണ്ടാക്കി താമസം സുരക്ഷിതമാക്കി. അവിടെയായിരുന്നു ഒമ്പതു ദിവസവും താമസം. കഴിക്കാനൊന്നുമില്ല. കുടിക്കാന്‍ അടുത്തുള്ള കുഴിയിലെ ചെളിവെള്ളം. ആന്‍ഡ്രൂ ഒരു കാര്യം ചെയ്തു. പാറയില്‍ നിറംമാറ്റമുള്ള കല്ലുകൊണ്ട് പാറയില്‍ വലിയ അക്ഷരത്തില്‍ ഹെല്പ് എന്നെഴുതി വച്ചു. ഒപ്പം എസ്ഓഎസ് എന്നു കൂടി ചെളികൊണ്ട് എഴുതി. ക്വെസ്നല്‍ സംഘം ഈ സമയം ഇയാള്‍ക്കായി ഹെലികോപ്റ്ററില്‍ തിരച്ചില്‍ നടത്തുകയായിരുന്നു. അവര്‍ ആകാശത്തു നിന്ന് ഈ എഴുത്ത് കാണാനിടയായി. തെളിഞ്ഞ സ്ഥലമായതിനാല്‍ അവിടെത്തന്നെ പറന്നിറങ്ങാനും ഇവര്‍ക്കായി. അങ്ങനെ കാട്ടില്‍ അകപ്പെട്ടതിന്റെ ഒമ്പതാം നാള് പുറംലോകത്തേക്ക് ആന്‍ഡ്രുവിനു മോചനം. ഇപ്പോള്‍ ചികിത്സയിലാണിയാള്‍.
ചെളിവെള്ളം കുടിച്ച് 9 നാള്, ഒടുവില്‍ മോചനം
