പത്തനംതിട്ട: ആഗോള അയ്യപ്പസംഗമം ഗംഭീരമായി നടത്തി വേറൊരു തലത്തില്‍ വിശ്വാസികളുടെയിടയില്‍ സ്വീകാര്യത വര്‍ധിപ്പിക്കാനും അതിലൂടെ നല്ല തോതില്‍ രാഷ്ട്രീയ മൈലേജ് ഉണ്ടാക്കാനുമുള്ള നടപടികളുമായി മുന്നോട്ടു പോകുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് സ്വര്‍ണപ്പാളികളില്‍ തട്ടി കാലിടറുമോ. സ്വര്‍ണപ്പാളി വിഷയം കേരള ഹൈക്കോടതി ഗൗരവത്തോടെ എടുത്തിരിക്കുന്ന സാഹചര്യത്തില്‍ സ്വന്തം നിലപാട് സ്ഥാപിച്ചെടുക്കാന്‍ ബോര്‍ഡിന് ചെറുതല്ലാത്ത വിധത്തില്‍ വിയര്‍ക്കേണ്ടി വരുമെന്ന സൂചനയാണ് ലഭിക്കുന്നത്.
ശ്രീകോവിലിനു മുന്നിലെ ദ്വാരപാലക ശില്പങ്ങളില്‍ നിന്ന് കോടതിയുടെ അനുമതി കൂടാതെ ഇളക്കിമാറ്റി ചെന്നൈയിലേക്കു കൊണ്ടുപോയ സ്വര്‍ണപ്പാളികള്‍ തിരികെയെത്തിക്കണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. കോടതിയുടെ അനുമതി തേടുക പോലും ചെയ്യാതെയാണ് സ്വര്‍ണപ്പാളികള്‍ ഇളക്കിയതെന്നും ഇവ സംസ്ഥാനത്തിനു പുറത്തേക്കു കൊണ്ടുപോയെന്നും വ്യക്തമാക്കി ദേവസ്വം സ്‌പെഷല്‍ കമ്മീഷണര്‍ ആര്‍ ജയകൃഷ്ണന്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കോടതിയുടെ അനുമതിയോടെ മാത്രമേ സന്നിധാനത്ത് സ്വര്‍ണവുമായി ബന്ധപ്പെട്ട എന്തു പണിയും നടത്താവൂ എന്ന ഹൈക്കോടതി ദേവസ്വം ബഞ്ചിന്റെ നിലവിലുള്ള ഉത്തരവിന്റെ ലംഘനമാണീ നടപടി. സ്വര്‍ണപ്പാളികള്‍ ഇളക്കിമാറ്റിയതുമായി ബന്ധപ്പെട്ട് തനിക്കു വിവരം ലഭിക്കുന്നത് സെപ്റ്റംബര്‍ എട്ടിനു മാത്രമാണെന്നും അപ്പോള്‍ തന്നെ ദേവസ്വം വിജിലന്‍സില്‍ അന്വേഷിച്ച് അറിവു ശരിയാണെന്നു മനസിലാക്കാന്‍ കഴിഞ്ഞുവെന്നുമാണ് കമ്മീഷണര്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്. സ്വര്‍ണവുമായി ബന്ധപ്പെട്ട ഇത്തരം ജോലികള്‍ സന്നിധാനത്തു വച്ചു മാത്രമാണ് സാധാരണയായി ചെയ്യുന്നത്. അതും കോടതിയുടെ അനുമതിയോടെ മാത്രം. അതിനാല്‍ സന്നിധാനത്തിലെയോ മാളികപ്പുറത്തെയോ ഏതു പ്രധാന ജോലിയും ചെയ്യുന്നതിനു മുമ്പ് കോടതിയുടെ അനുമതി തേടണമെന്ന നിര്‍ദേശം ദേവസ്വം ബോര്‍ഡിനു കൊടുക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. ഈ സാഹചര്യത്തിലാണ് സ്വര്‍ണപ്പാളി വിഷയം ഹൈക്കോടതി വളരെ ഗൗരവത്തോടെ വീക്ഷിക്കുന്നതും. അതിനാല്‍ തന്നെയാണ് ഹൈക്കോടതി സ്വര്‍ണം തിരികെയെത്തിക്കണമെന്ന കര്‍ശനമായ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതും.
ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണപ്പാളികള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതിനാല്‍ അവയ്ക്ക് അറ്റകുറ്റപ്പണികള്‍ ആവശ്യമായി വന്നുവെന്ന ദുര്‍ബല വാദം മാത്രമാണ് ഇക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡിന്റെ പക്കലുള്ളത്. അങ്ങനെയെങ്കില്‍ അതിനു കോടതിയുടെ അനുമതി വാങ്ങാമായിരുന്നല്ലോയെന്ന മറുചോദ്യം സ്വാഭാവികമായും ഉയരുന്നു.
ദേവസ്വം ബോര്‍ഡിന്റെ വാദമനുസരിച്ച് സ്വര്‍ണപ്പാളികള്‍ ഇളക്കിമാറ്റുന്നതിന് തന്ത്രിയുടെ അനുവാദമുണ്ട്. അതിനാല്‍ ഇതിന് സ്‌പെഷല്‍ കമ്മീഷണറുടെ അനുവാദം ആവശ്യമില്ല. സുരക്ഷിതമായ രീതിയിലാണിവ ചെന്നൈയിലേക്കു കൊണ്ടുപോയിരിക്കുന്നതെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറയുന്നു. സ്ഥിരമായി വിശ്വാസികള്‍ എറിയുന്ന നാണയങ്ങള്‍ കൊണ്ടാണ് പാളികള്‍ക്കു കേടുപാടുകള്‍ സംഭവിച്ചത്. 2023 മുതല്‍ ഇവയുടെ കേടുപാടുകള്‍ പരിഹരിക്കണമെന്ന് താന്ത്രിക വിധിപ്രകാരമുള്ള നിര്‍ദേശമുള്ളതാണ്. അടുത്ത ശബരിമല സീസണ്‍ തുടങ്ങുന്നതിനു മുമ്പായി ഈ ജോലികള്‍ തീര്‍ക്കണമെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സ്വര്‍ണപ്പാളികള്‍ ഇളക്കിയതും നന്നാക്കുന്നതിനായി ചെന്നൈയിലേക്കു കൊണ്ടുപോയതുമെന്ന് പ്രശാന്ത് പറയുന്നു. ഓണം പൂജകള്‍ക്കു ശേഷമാണ് ഇവ ഇളക്കിയിരിക്കുന്നത്. സ്‌പോണ്‍സറുടെ ചെലവില്‍ തന്നെയാണ് ഇവ നന്നാക്കുന്നതുമെന്ന് പ്രശാന്ത് വിശദീകരിക്കുന്നു. എന്നാല്‍ ഇവയില്‍ എത്ര കാര്യങ്ങള്‍ കോടതിക്കു ബോധ്യപ്പെടുമെന്നു കണ്ടു തന്നെയറിയണം.
ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ ചെന്നൈയ്ക്ക്, കോടതി എന്തു ചെയ്യും, കണ്ടറിയണം
