ഇന്ന് അത്തം, ഇനി ഓണത്തിനായി പൂക്കളമൊരുക്കി കാത്തിരിക്കുന്ന 10 നാള്‍

തൃപ്പൂണിത്തുറ: ഇന്ന് പൊന്നിന്‍ ചിങ്ങത്തിലെ അത്തം നാള്‍. തൃപ്പൂണിത്തുറയില്‍ ശ്രീ പൂര്‍ണത്രയീശന്റെ നടയില്‍ തുടങ്ങി നഗരം മുഴുവന്‍ ഇന്ന് അത്തച്ചമയത്തിന്റെ തിരക്കിലാഴുമെങ്കില്‍ കേരളത്തിലെ വീട്ടുമുറ്റങ്ങള്‍ ഇനി പൂക്കളങ്ങള്‍ക്കുള്ളതാണ്. അതുപോലെ നാഗര്‍കോവില്‍, തോവാള തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നു ചെണ്ടുമല്ലിയും വാടാമല്ലിയുമൊക്കെയായെത്തുന്ന കച്ചവടക്കാര്‍ക്ക് തകര്‍പ്പന്‍ ബിസിനസിന്റെ നാളുകളും. ഇന്നലെ തന്നെ കേരളത്തിലെ എല്ലാ പ്രധാന സ്ഥലങ്ങളിലും കുട്ടകളില്‍ പൂക്കള്‍ നിരന്നു കഴിഞ്ഞു. ഇക്കൊല്ലം കാലാവസ്ഥ പതിവിലും നല്ല തോതില്‍ തെളിഞ്ഞു നില്‍ക്കുന്നതിനാല്‍ അത്തം മുതല്‍ പത്തു ദിവസവും പൂക്കളങ്ങളുടേതാകുമെന്നാണ് പറയുന്നത്. പത്താം നാള്‍ തൃക്കാക്കരയപ്പന് സദ്യ നേദിക്കുന്നതു വരെ ഈ രീതി തുടരുകയും ചെയ്യും. ലോകത്തിന്റെ ഏതെല്ലാം ഭാഗത്ത് മലയാളിയുണ്ടോ അവിടെല്ലാം ഏറിയും കുറഞ്ഞുമുള്ള അളവില്‍ പൂക്കളമൊരുക്കുന്നവരുണ്ട്. പ്രവാസ ലോകത്ത് ഈ സമയത്ത് മലയാളികളുടെ ഏതു കൂട്ടായ്മയും നടക്കുന്നത് പൂക്കളങ്ങളെ സാക്ഷിയാക്കിയാണ്. നാടുതോറുമുള്ള ഓണാഘോഷങ്ങളില്‍ കാണാന്‍ കഴിയുന്നതും നല്ല വെറൈറ്റി പൂക്കളങ്ങളാണ്. ഒരു പക്ഷേ, കേരളത്തെക്കാള്‍ നേരത്തെയും നല്ലതായും ഓണം വൈബ് എത്തുന്ന പ്രവാസ ലോകത്തും അത്തം മുതല്‍ പത്തുദിവസവും മനസിലും കൂട്ടായ്മകളിലും ഓണക്കമ്പത്തിനൊപ്പം പൂക്കളക്കമ്പവും കത്തിക്കയറുകയാവും.