സിഡ്‌നിയിലെ അടുക്കള വിപ്ലവം കുടിയേറ്റത്തിന്റെ വേറിട്ട അനുഭവമാകുമ്പോള്‍

സിഡ്‌നി: പടിഞ്ഞാറന്‍ സിഡ്‌നിയില്‍ ഒരു നിശബ്ധ വിപ്ലവം നടക്കുകയാണ്. പുതുതായി ഓസ്‌ട്രേലിയയിലേക്ക് കുടിയേറി എത്തുന്നവര്‍ അപരിചിതമായ ഭാഷയുടെ അപരിചിതമായ സമൂഹത്തിന്റെയും അകലങ്ങളെ ഇല്ലാതാക്കുന്നതാണീ നിശബ്ദ വിപ്ലവം. ഇതിനെ ചുരുക്കി ഇങ്ങനെ പറയാം. പാചകത്തിലൂടെ ഭാഷയിലേക്ക്, ഭാഷയിലൂടെ അത്മവിശ്വാസത്തിലേക്ക്, അതിലൂടെ സാമൂഹ്യ ജീവിതത്തിലേക്ക്. നിരവധി പുതിയ കുടിയേറ്റക്കാരാണ് ജീവിതവിജയത്തിന്റെ ഈ പുതിയ റെസിപ്പി ഹെന മുഹമ്മദ് എന്ന അധ്യാപികയില്‍ നിന്നു പഠിക്കുന്നത്. ഈ പരിപാടിക്ക് നടത്തിപ്പുകാരിയായ ഹെന മുഹമ്മദ് നല്‍കിയിരിക്കുന്ന പേരുപോലും ലളിതവും അര്‍ഥമേറിയതുമാണ്-ഇംഗ്ലീഷ് ഫോര്‍ കുക്കിങ്. ഇതൊരു അവധിക്കാല പ്രോഗ്രാമാണ്. നാവിറ്റാസ് ഫീല്‍ഡിലെ ഈ പരിപാടിയില്‍ ആര്‍ക്കും ചേരാം. പാചകത്തിലൂടെ ഭാഷ പഠിക്കാനും സമൂഹത്തെയും സംസ്‌കാരത്തെയും പഠിക്കാനുള്ള മനസുണ്ടായാല്‍ മാത്രം മതി.
1999ലാണ് ഹെന മുഹമ്മദ് ഓസ്‌ട്രേലിയയിലേക്കു കുടിയേറുന്നത്. അധ്യാപക ജോലിക്കുള്ളയോഗ്യതയുണ്ടായിരുന്നതിനാല്‍ ഗവണ്‍മെന്റ് പരിപാടിയായ അഡല്‍ട്ട് മൈഗ്രന്റ് ഇംഗ്ലീഷ് പ്രോഗ്രാം എന്ന പദ്ധതിയുടെ ഇന്‍സ്ട്രക്ടറായി ജോലി ലഭിച്ചു. അതില്‍ നിന്നാണ് ഈ പരിപാടിയുടെ തുടക്കം. ഈ കോഴ്‌സുമായി ബന്ധപ്പെട്ട ഏതു പുസ്തകം എടുത്താലും അതിലെല്ലാം ധാരാളം പാചകക്കുറിപ്പുകളുണ്ടായിരിക്കും. എന്നാല്‍ ഭാഷപഠിപ്പിക്കാന്‍ പാചകം തന്നെ ഉപയോഗിച്ചുകൂടേ എന്ന ചിന്ത ഇവര്‍ക്കുണ്ടാകുന്നത് അപ്പോഴാണ്. അങ്ങനെയാണ് ഒരു പ്രായോഗിക പരിശീലനത്തിലൂടെ ഭാഷ പഠിപ്പിക്കുക എന്ന സ്വപ്‌നം ചിറകു വിരിക്കുന്നത്. അഞ്ചു മണിക്കൂര്‍ വീതം പഠനമുള്ള നാലു ദിവസം ആഴ്ചതോറും ക്ലാസ് എന്നതായിരുന്നു ഇതിന്റെ രീതി. പാചകം പഠിക്കുക എന്നാല്‍ അടുക്കള സാധനങ്ങളുടെയും ഉപകരണങ്ങളുടെയും പേരു മുതല്‍ ഷോപ്പിങ് നടത്താന്‍ പോകുമ്പോഴുള്ളആശയ വിനിമയം വരെ ഭാഷയുടെ നിരവധി ഉപയോഗങ്ങളുള്ള പരിപാടിയാണ്. അതിനാലാണ് ഇതിലൂടെ ഭാഷ പഠിപ്പിക്കാന്‍ തീരുമാനിക്കുന്നത്. കോഴ്‌സ് തുടങ്ങിയതു മുതല്‍ ഇതുവരെ നൂറിലധികം പഠിതാക്കളാണ് ക്ലാസുകള്‍ പൂര്‍ത്തിയാക്കി സമൂഹത്തിലേക്ക് ഇറങ്ങിയിരിക്കുന്നതെന്ന് അഭിമാനത്തോടെ ഹെന മുഹമ്മദ് പറയുന്നു.