ടൈഗര്‍ വൈറ്റ് അലൂമിനിയം പാത്രങ്ങള്‍ക്ക് അമേരിക്കയില്‍ വിലക്ക്, അമിത ഈയം പ്രശ്‌നം

ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഒരു ബ്രാന്‍ഡ് അലൂമിനിയം പാചകപ്പാത്രങ്ങള്‍ക്കെതിരേ അമേരിക്കയില്‍ സുരക്ഷാ മുന്നറിയിപ്പ്. ചെറുകിട സ്ഥാപനങ്ങളും ഉപഭോക്താക്കളും ഇത്തരം പാത്രങ്ങള്‍ വാങ്ങുന്നതിനു വിലക്കേര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഹരിയാനയില്‍ പ്രവര്‍ത്തിക്കുന്ന സരസ്വതി സ്ട്രിപ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ടൈഗര്‍ വൈറ്റ് എന്ന ബ്രാന്‍ഡിലുള്ള പാത്രങ്ങള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. വിവിധ ലോക രാജ്യങ്ങളിലേക്ക് ഈ കമ്പനിയുടെ പാത്രങ്ങള്‍ കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്. ഇതില്‍ നിന്ന് അനുവദനീയമായതിലധികം ഈയം ശരീരത്തിലേക്ക് പ്രവേശിക്കുന്നുവെന്നാണ് അമേരിക്കയിലെ പഠനങ്ങളില്‍ കണ്ടെത്തിയിരിക്കുന്നത്. യുഎസ് എഫ്ഡിഎ (ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍) ആണ് വിലക്കേര്‍പ്പെടുത്തിയത്. പ്യുവര്‍ അലൂമിനിയം യൂട്ടന്‍സില്‍ എന്ന വിശേഷണത്തോടെയാണ് ടൈഗര്‍ വൈറ്റ് ബ്രാന്‍ഡിലുള്ള പാത്രങ്ങള്‍ അമേരിക്കയില്‍ വിറ്റഴിക്കപ്പെടുന്നത്.