തൃശൂരില്‍ കള്ളവോട്ട്, പുതിയ വെളിപ്പെടുത്തലുകളെത്തുന്നു

തൃശൂര്‍: രാഹുല്‍ ഗാന്ധി ഉയര്‍ത്തി വിട്ട വോട്ടര്‍ പട്ടിക വിവാദം രാജ്യമാകെ കത്തി നില്‍ക്കുമ്പോള്‍ അതിനൊപ്പം ചേര്‍ന്ന് തൃശൂരും. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയിലെ സുരേഷ് ഗോപി ജയിച്ച തൃശൂരില്‍ വന്‍തോതില്‍ വ്യാജവോട്ടിങ് നടന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. തൃശൂര്‍ സ്വദേശിനിയും ക്യാപ്പിറ്റല്‍ വില്ലേജ് ഫ്‌ളാറ്റിലെ താമസക്കാരിയുമായ പ്രസന്നയാണ് കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. തന്റെ ഫ്‌ളാറ്റിന്റെ മേല്‍വിലാസത്തില്‍ ഒമ്പതു വ്യാജവോട്ടുകളുണ്ടായിരുന്നെന്നാണ് ഇവരുടെ വെളിപ്പെടുത്തല്‍.
വളരെ ആസൂത്രിതമായി വാടക എഗ്രിമെന്റ് വാങ്ങിക്കൊണ്ടുപോയാണ് വോട്ടു ചേര്‍ത്തത്. പിന്നീട് ഇതു മനസിലായപ്പോള്‍ വോട്ടെടുപ്പിനു ശേഷം ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ അതിന്‍മേല്‍ നടപടിയൊന്നുമുണ്ടായതായി ഇതുവരെ മനസിലാക്കിയിട്ടില്ല. പ്രസന്ന ആരോപിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും സിപിഐയുടെ മുന്‍മന്ത്രിയുമായ വി എസ് സുനില്‍കുമാറും പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തി. തൃശൂരിലെ പരാതികള്‍ തീര്‍പ്പാക്കിയതാണെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം തെറ്റാണെന്ന് സുനില്‍കുമാര്‍ പ്രതികരിച്ചു. ചേലക്കരിയിലെ ബിജെപി നേതാവ് കെ ആര്‍ ഷാജിക്കും ഭാര്യയ്ക്കും പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തൃശൂരിലായിരുന്നു വോട്ട്. തൃശൂരിലെ ഒരു ഫ്‌ളാറ്റാണ് ഇവരുടെ മേല്‍വിലാസമായി കൊടുത്തിരുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇവര്‍ക്ക് വരവൂരിലെ നടത്തറയിലാണ് വോട്ട്. തൃശൂരില്‍ വോട്ട് ചെയ്യാനായി വോട്ടേഴ്‌സ് ഐഡി കാര്‍ഡ് വരെ മാറ്റിയിട്ടുണ്ട്. ഈ പരാതികളെല്ലാം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയിരുന്നതാണെന്നും സുനില്‍കുമാര്‍ വെളിപ്പെടുത്തി.
തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേടുകള്‍ സംബന്ധിച്ച് വെളിപ്പെടുത്തലുമായി യുഡിഎഫ് നേരത്തെ രംഗത്തെത്തിയിരുന്നു. ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് പത്രസമ്മേളനം വിളിച്ചാണ് വെളിപ്പെടുത്തലുകള്‍ നടത്തിയത്. രേഖാമൂലം തൃശൂര്‍ ജില്ലാ കളക്ടറായിരുന്ന കൃഷ്ണ തേജയ്ക്ക് നല്‍കിയ പരാതികളൊന്നും ഉന്നത തലങ്ങളിലേക്ക് അയച്ചതായി അറിവില്ലെന്നാണ് യുഡിഎഫിന്റെ ആരോപണം.