സ്റ്റോക്‌ഹോം: കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച വൈദ്യശാസ്ത്രത്തിലെ നോബല്‍ സമ്മാനം പോലെ ഈ വര്‍ഷത്തെ ഫിസിക്‌സിലെ നോബല്‍ സമ്മാനവും മൂന്നു ശാസ്ത്രജ്ഞര്‍ പങ്കിട്ടു. ജോണ്‍ ക്ലാര്‍ക് (ബ്രിട്ടന്‍), മിഷേല്‍ എച്ച് ഡിവോറെ (ഫ്രാന്‍സ്), ജോണ്‍ മാര്‍ട്ടിനിസ് (അമേരിക്ക) എന്നിവരാണ് നോബല്‍ പങ്കിട്ടെടുക്കുന്നത്. ഇവര്‍ ഒത്തുചേര്‍ന്ന് നടത്തിയ ക്വാണ്ടം മെക്കാനിക്‌സ് അടിസ്ഥാനമാക്കിയുള്ള ഗവേഷണമാണ് സമ്മാനിതമായിരിക്കുന്നത്. പരമാണു തലത്തില്‍ സാധ്യമായ ക്വാണ്ടം മെക്കാനിക്‌സ് തത്വങ്ങള്‍ വസ്തുതലത്തില്‍ സാധ്യമാകുമോ എന്നതു സംബന്ധിച്ച് ഇവര്‍ നടത്തിയ ഗവേഷണമാണ് അവാര്‍ഡിന് അര്‍ഹമായിരിക്കുന്നത്. നാല്‍പതു വര്‍ഷം മുമ്പ് ഇവരുടെ ഉപരി പഠനകാലത്ത് സംയുക്തമായി നടത്തിയ ഗവേഷണത്തിന് ഇപ്പോഴാണ് നോബല്‍ പുരസ്‌കാരം ലഭിക്കുന്നതെന്ന വിരോധാഭാസവും ഇത്തവണത്തെ അവാര്‍ഡ് പ്രഖ്യാപനത്തിലുണ്ട്. എന്നാല്‍ അക്കാലത്ത് ഇവര്‍ നടത്തിയ ഗവേഷണമാണ് പില്‍ക്കാലത്ത് നിരവധി തുടര്‍ ഗവേഷണങ്ങള്‍ക്കു കാരണമായതെന്ന് നോബല്‍ അവാര്‍ഡ് നിര്‍ണയ കമ്മിറ്റി അഭിപ്രായപ്പെടുന്നു.
ക്വാണ്ടം മെക്കാനിക്‌സ് പഠനം: 40 വര്‍ഷം വൈകി നോബല്‍ പുരസ്‌കാരം, പങ്കിട്ട് മൂന്നു പേര്‍

