ഇന്ത്യക്കാരായ സൂപ്പര്‍മാര്‍ക്കറ്റ് കള്ളന്‍മാരെ പൊക്കി, തുക കേട്ടാല്‍ ഞെട്ടും

മെല്‍ബണ്‍: സുപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നു നിരന്തരം സാധനങ്ങള്‍ അടിച്ചു മാറ്റുന്ന പത്തൊമ്പതു യുവാക്കളുടെ സംഘത്തെ പോലീസ് പൊക്കി, അക്കൂടെ മിക്കവരും ഇന്ത്യന്‍ വംശജര്‍. കുറേ നാളായി ഈ പണി ചെയ്യുകയായിരുന്നു ഇവരെന്നു പോലീസിന്റെ കണ്ടെത്തല്‍. മെല്‍ബണിലെ ഇന്ത്യക്കാര്‍ക്ക് വേണ്ടുവോളം പേരുദോഷം കിട്ടാന്‍ ഇതിലേറെ എന്തുവേണമെന്നാണ് മൂക്കത്തു വിരല്‍ വയ്ക്കുമ്പോഴും ഇന്ത്യന്‍ കൂട്ടായ്മകളിലെ ചോദ്യം.
കഴിഞ്ഞ അഞ്ചു മാസംകൊണ്ട് ഈ തിരുടന്‍മാര്‍ കടത്തിയത് ഏതാണ്ട് ഒരു കോടി ഡോളര്‍ വില വരുന്ന ഉല്‍പ്പന്നങ്ങള്‍. നാട്ടിലെ ഏതെങ്കിലും സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നു സോപ്പും പേസ്റ്റുമൊക്കെ പൊക്കുന്നതു പോലെയുള്ള ചീപ്പ് പരിപാടിയായിരുന്നില്ല ഇവരുടേത്. പൊക്കിയതൊക്കെ പുറത്തു വിറ്റാല്‍ നല്ല വില കിട്ടുന്ന സാധനങ്ങളായ ബേബി ഫുഡുകള്‍, മരുന്നുകള്‍, വിറ്റാമിന്‍ സപ്ലിമെന്റുകള്‍, കോസ്മറ്റിക് സാധനങ്ങള്‍, ഇലക്ട്രിക് ടൂത്ത്ബ്രഷുകള്‍ പോലെയുള്ള നിത്യോപയോഗ സാധനങ്ങള്‍, ഷാമ്പൂ മുതലായ ടോയ്‌ലട്രികള്‍. മെല്‍ബണിലെ വന്‍കിട സൂപ്പര്‍മാര്‍ക്കറ്റ് ചെയിനുകളില്‍ നിന്നു മാത്രമായിരുന്നു മോഷണം എന്നത് ഇവരുടെ സിഗ്നച്ചര്‍ രീതി.
മോഷ്ടാക്കളെല്ലാവരും ചേര്‍ന്ന് ഒരു ചങ്ങല പോലെ പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. പൊക്കാനുള്ളവര്‍, കടത്താനുള്ളവര്‍, മറിച്ചു വില്‍ക്കാനുള്ളവര്‍ എന്നിങ്ങനെ ഓരോരുത്തര്‍ക്കും പ്രത്യേകം തൊഴില്‍ മേഖലകളായിരുന്നുവെന്നു ചുരുക്കം. താല്‍ക്കാലിക വീസയില്‍ ഓസ്‌ട്രേലിയയിലെത്തിയിരിക്കുന്നവരാണ് മോഷ്ടാക്കളെല്ലാമെന്ന് പോലീസ് പറയുന്നു. അവരില്‍ നല്ലൊരു പങ്ക് ഇന്ത്യക്കാരുമാണെന്ന് ഓപ്പറേഷനു നേതൃത്വം നല്‍കിയ ഡിറ്റക്ടിവ് ഇന്‍സ്‌പെക്ടര്‍ റേച്ചല്‍ സിയാവരെല്ല വെളിപ്പെടുത്തി. എന്നാല്‍ കുറ്റവാളികളുടെ പേരുവിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.