സെന്‍സസ് അടുത്ത ഏപ്രില്‍ ഒന്നു മുതല്‍, പ്രീ ടെസ്റ്റ് അടുത്ത മാസം 10നു തുടങ്ങും

ന്യൂഡല്‍ഹി: ഔദ്യോഗിക സെന്‍സസ് നടപടികള്‍ തുടങ്ങുന്നതിനു മുന്നോടിയായി ട്രയല്‍ നടത്താന്‍ കേന്ദ്രം ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി 2027ലെ സെന്‍സസിന്റെ ഒന്നാം ഘട്ടത്തിനു മുന്നോടിയായ പ്രീടെസ്റ്റ് നവംബര്‍ പത്തു മുതല്‍ നടത്തുമെനന് കേന്ദ്ര രജിസ്ട്രാര്‍ ജനറല്‍ അന്‍ഡ് സെന്‍സസ് കമ്മീഷണര്‍ അറിയിച്ചു.

സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും തിരഞ്ഞെടുക്കപ്പെടുന്ന സ്ഥലങ്ങളില്‍ നവംബര്‍ 30 വരെയായിരിക്കും പ്രീടെസറ്റ് നടക്കുക. ഇതു സംബന്ധിച്ച വിജ്ഞാപനം ഔദ്യോഗിക ഗസറ്റില്‍ വന്നു കഴിഞ്ഞു. സെന്‍സസിനു മുമ്പായി തന്നെ പൗരന്‍മാര്‍ക്ക് സ്വന്തം വ്യക്തഗത വിവരങ്ങള്‍ ഒരു സെല്‍ഫ് എന്യുമറേഷന്‍ വീഡിയോയിലൂടെ ഡിജിറ്റലായി നല്‍കാനും കേന്ദ്രം അവസരമൊരുക്കിയിട്ടുണ്ട്.

അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നുമുതല്‍ 2027 ഫെബ്രുവരി 28 വരെ രണ്ടു ഘട്ടമായാണ് ഇന്ത്യയില്‍ സെന്‍സസ് നടക്കുക. ഇതിന്റെ ഫലപ്രാപ്തിയാണ് പ്രീ ടെസ്റ്റിലൂടെ വിലയിരുത്തപ്പെടുന്നത്. കേരളത്തില്‍ ഇടുക്കി, പാലക്കാട് ജില്ലകളിലെ ഗോത്രവര്‍ഗ മേഖലകള്‍, കൊച്ചി കോര്‍പ്പറേഷന്‍ പരിധിയില്‍ ഏതാനും സ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് പ്രീടെസ്റ്റ് നടക്കുക. ഇതിന് യഥാര്‍ഥ സെന്‍സസുമായി യാതൊരു ബന്ധവും ഉണ്ടായിരിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.