ഇന്ന് വിജയദശമി, തിന്മയും ഇരുട്ടും അജ്ഞതയും ഇല്ലാതാകുന്നതിന്റെ മഹാ ആഘോഷം

ന്യൂഡല്‍ഹി: രാജ്യമെങ്ങും ഇന്ന് വിജയദശമി ആഘോഷിക്കുന്നു. കര്‍ണാടകത്തില്‍ ഇന്ന് ദസറ ആഘോഷം. മഹിഷാസുരനെ വധിച്ച് തിന്മയ്ക്കു മേല്‍ ദുര്‍ഗാദേവി വിജയം നേടിയതിന്റെ ആഘോഷമാണ് രാജ്യമെങ്ങും വിജയദശമിയെങ്കില്‍ കേരളത്തിലും മലയാളികള്‍ ലോകത്തെവിടെയൊക്കെയുണ്ടോ അവിടെയൊക്കെയും ഇന്ന് വിദ്യാരംഭ ദിനമാണ്. കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്നതും വാദ്യ-നൃത്ത-സംഗീത കലാപഠനങ്ങള്‍ക്കു തുടക്കം കുറിക്കുന്നതും ഇന്നു തന്നെ. കൈത്തൊഴിലുകാര്‍ സ്വന്തം പണിയായുധങ്ങളും വിദ്യാര്‍ഥികള്‍ തങ്ങളുടെ പഠനോപകരണങ്ങളും ദുര്‍ഗാഷ്ടമി ദിനത്തില്‍ പൂജയ്ക്കു വച്ച് സരസ്വതീ ദേവിയുടെ അനുഗ്രഹത്തോടെ ഇന്നു വിശേഷാല്‍ പൂജകള്‍ക്കു ശേഷം അവ തിരികെ വാങ്ങുകയും ചെയ്യുന്നു.
മുന്‍കാലങ്ങളില്‍ ഗുരുക്കന്‍മാരും ആശാന്‍മാരും അവരുടെ വീടുകളില്‍ കുട്ടികളെ എഴുത്തിനിരുത്ത് നടത്തിയായിരുന്നു വിദ്യാരംഭം കുറിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ മതസ്ഥാപനങ്ങളും മാധ്യമസ്ഥാപനങ്ങളും ആരാധനാലയങ്ങളും സാസംസ്‌കാരിക സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമൊക്കെ വളരെ വ്യാപകമായ തോതില്‍ എഴുത്തിനിരുത്ത് നടത്തുന്നു. താലത്തില്‍ നിരത്തി വിരിച്ച അരിമണികളില്‍ സരസ്വതീദേവിയെ നമിച്ചെഴുതി മലയാളം അക്ഷരമാലയിലെ ആദ്യാക്ഷരം കുരുന്നുകളുടെ വലംകൈയിലെ ചൂണ്ടാണി വിരല്‍ പിടിച്ച് ഗുരു എഴുതിക്കുകയാണ് വിദ്യാരംഭം അഥവാ എഴുത്തിനിരുത്തിലെ ആദ്യ കര്‍മം. അതിനു ശേഷം പൊന്നു കൊണ്ട് നാവിന്‍മേല്‍ ആദ്യാക്ഷരം ഗുരു എഴുതിക്കൊടുക്കുകയും ചെയ്യും. ഇത്രയുമാണ് വിദ്യാരംഭത്തിലെ പരമ്പരാഗതമായ ചടങ്ങുകള്‍.
ഇപ്പോള്‍ കേരളത്തില്‍ ഏറ്റവും വലിയ എഴുത്തിനിരുത്ത് ചടങ്ങ് നടക്കുക തിരൂര്‍ തുഞ്ചന്‍ പറമ്പിലാണ്. മലയാണ്‍മയുടെ അക്ഷര കാരണവരും തിരൂര്‍ തുഞ്ചന്‍ സ്മാരക ട്രസ്റ്റിന്റെ ചെയര്‍മാനുമായിരുന്ന എംടി വിട പറഞ്ഞതിനു ശേഷം തുഞ്ചന്‍ പറമ്പില്‍ നടക്കുന്ന ആദ്യ എഴുത്തിനിരുത്ത് ആണ് ഇത്തവണത്തേത്. ചടങ്ങുകള്‍ക്ക് എംടിയുടെ അസാന്നിധ്യം മൂലം കുറവൊന്നും വരാതെ നോക്കുന്നതിന് ഇത്തവണ ഒരുക്കങ്ങള്‍ വളരെ നേരത്തെ തുടങ്ങിയിരുന്നു. കൃഷ്ണശിലാ മണ്ഡപത്തില്‍ പാരമ്പര്യ എഴുത്താശാന്‍മാരായ വഴുതക്കാട് മുരളീധരന്‍, പി സി സത്യനാരായണന്‍, പ്രഭേഷ് പണിക്കര്‍ എന്നിവരും സരസ്വതീ മണ്ഡപത്തില്‍ മലയാളത്തിലെ പ്രമുഖരായ നാല്‍പത് എഴുത്തുകാരും കുരുന്നുകളെ ആദ്യാക്ഷരം എഴുതിക്കും.