രണ്ടാം ലോകമഹായുദ്ധത്തിലെ അവസാന പോരാളി ബ്രൂസ് റോബര്‍ട്‌സും വിടവാങ്ങി

സിഡ്‌നി: രണ്ടാം ലോകമഹായുദ്ധത്തിലെ അവസാന സൈനികനായ ബ്രൂസ് റോബര്‍ട്‌സനും വിടവാങ്ങി. ബന്ധുക്കളുടെയും അടുത്ത സ്‌നേഹിതരുടെയും സാന്നിധ്യത്തില്‍ 105ാം വയസിലാണ് ധീര സൈനികനായിരുന്ന ബ്രൂസ് റോബര്‍ട്‌സന്റെ അന്ത്യം. റോയല്‍ ഓസ്‌ട്രേലിയന്‍ എയര്‍ ഫോഴ്‌സില്‍ ഡിസ്റ്റിങ്ഷനോടെയായിരുന്നു അദ്ദേഹത്തിന്റെ സേവനം. ചരിത്ര പ്രസിദ്ധമായ കോകോഡ യുദ്ധമുഖത്ത് നിസ്തുലമായ സംഭാവനകളായിരുന്നു രണ്ടാം ലോകമഹായുദ്ധത്തില്‍ ഇദ്ദേഹവും സഹപോരാളികളും കൂടി നല്‍കിയത്. 1942ല്‍ സിഡ്‌നി ഹാര്‍ബറിനു സമീപം ജപ്പാന്റെ സബ്മറൈനുകളെ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്ത ആദ്യത്തെ റോഡിയോ ഓഫീസറും ഇദ്ദേഹമായിരുന്നു. ഓസ്‌ട്രേലിയയുടെ യുദ്ധ ചരിത്രത്തിലെ നിര്‍ണായക നിമിഷമായിരുന്നു ഇതെന്നാണ് പറയപ്പെടുന്നത്.

ഇദ്ദേഹത്തിന്റെ ദേഹവിയോഗത്തോടെ യുദ്ധകാല സ്മരണകളിലെ ഏറ്റവും സജീവമായി കണ്ണിയെക്കൂടിയാണ് രാജ്യത്തിനു നഷ്ടപ്പെടുന്നത്. ഇനി ജീവനോടെ ശേഷിക്കുന്ന യുദ്ധകാല സൈനികര്‍ ആരുമില്ലെന്നാണ് കണക്കാക്കുന്നത്. പാപുവ ന്യൂഗിനി വഴിയുള്ള ജാപ്പനീസ് സേനയുടെ മുന്നേറ്റം തടയുകയായിരുന്നു യുദ്ധകാലത്ത് ഇദ്ദേഹത്തിനും ഒപ്പമുണ്ടായിരുന്ന സൈനികര്‍ക്കും ചുമതല. ആ ഉത്തരവാദിത്വം നിസ്തുലമായ വിധത്തില്‍ നിറവേറ്റുവാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞുവെന്നാണ് ചരിത്രം രേഖപ്പെടുത്തുന്നത്. ജപ്പാന്റെ സബ്മറൈനുകളെ റോബര്‍ട്‌സന്‍ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ യുദ്ധകാല ഓസ്‌ട്രേലിയയുടെ ഗതി മറ്റൊന്നാകുമായിരുന്നു.