കൊച്ചി: ശബരിമല സ്വര്‍ണമോഷണത്തില്‍ ഇടക്കാല ഉത്തരവുമായി കേരള ഹൈക്കോടതി. പ്രധാന കവാടത്തിലെയും ദ്വാരപാലക പാളികളിലെയും സ്വര്‍ണം നഷ്ടമായ സംഭവത്തില്‍ ഗൂഡാലോചന സംശയിക്കുന്നുവെങ്കില്‍ ആ ദിശയിലും അന്വേഷണം നടത്തണമെന്ന് കോടതി വ്യക്തമാക്കി. ഇതോടെ സ്വര്‍ണം മോഷ്ടിച്ചവര്‍ക്കൊപ്പം ഗൂഡാലോചന നടത്തിയവരുണ്ടെങ്കില്‍ അവരിലേക്കും അന്വേഷണം എത്തുമെന്നുറപ്പായി. ഹൈക്കോടതിയുടെ കര്‍ശനമായ ഇടപെടലിനെ തുടര്‍ന്നാണ് കേസ് അന്വേഷണം ഇവിടം വരെയെങ്കിലും എത്തിയിരിക്കുന്നത്.
ഇനി നവംബര്‍ പതിനഞ്ചിനായിരിക്കും കോടതി കേസ് പരിഗണനയ്‌ക്കെടുക്കുക. പ്രത്യേക അന്വേഷണ സംഘത്തിന്റെ എസ്പിയായ ശശിധരനും വിജിലന്‍സ് എസ്പി സുനില്‍ കുമാറും കോടതിയില്‍ നേരിട്ടെത്തി തങ്ങളുടെ കണ്ടെത്തലുകള്‍ റിപ്പോര്‍ട്ടാക്കി സമര്‍പ്പിച്ചു. അടച്ചിട്ട കോടതി മുറിക്കുള്ളിലാണ് കേസ് നടപടികള്‍ നടന്നത്. പത്തു ദിവസത്തെ അന്വേഷണമാണ് ഇതുവരെ ഇക്കാര്യത്തില്‍ പ്രത്യേക അന്വേഷണ സംഘം നടത്തിയിരിക്കുന്നത്. ഇതിന്റെ പൂര്‍ണമായ റിപ്പോര്‍ട്ട് കോടതിക്കു മുമ്പാകെ ഇവര്‍ സമര്‍പ്പിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റിയടക്കമുള്ള സംഘം ബെംഗളൂരുവിവും ചെന്നൈയിലും നടത്തിയ ഇടപാടുകള്‍ സംബന്ധിച്ച അന്വേഷണമാണ് ഇതുവരെ നടത്തിയിരിക്കുന്നത്. ഈ സ്ഥലങ്ങളിലും സന്നിധാനത്തും വച്ചു നടത്തിയതായി പറയപ്പെടുന്ന ഗൂഡാലോചനകളാണ് ഇനി അന്വേഷിക്കേണ്ടതായുള്ളത്. അതിലേക്കു കൂടി കടക്കുന്നതിന് കോടതിയുടെ അനുമതിയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.

