തിരഞ്ഞെടുപ്പുകള്‍ വരും പോകും, പ്രവാസി മാത്രം എന്നും ജനാധിപത്യത്തിനു പുറത്ത്

തിരുവനന്തപുരം: എത്ര തിരഞ്ഞെടുപ്പ് വന്നാലും എത്ര വോട്ടര്‍പട്ടിക അച്ചടിച്ചാലും പ്രവാസിയുടെ കാര്യം മാറ്റമില്ലാതെ തുടരുന്ന അവസ്ഥയുടെ തനിയാവര്‍ത്തനം തന്നെയായിരിക്കും ഇത്തവണയുമെന്ന സൂചനകളാണ് ലഭിക്കുന്നത്. പിറന്ന നാടിന്റെ അധികാരം ആര്‍ക്കെന്നു തീരുമാനിക്കുന്നതില്‍ നാടിന്റെ സാമ്പത്തിക ജീവതത്തിന്റെ നട്ടെല്ലെന്നു വിശേഷിപ്പിക്കുന്ന പ്രവാസിക്കുമാത്രം യാതൊരു റോളുമില്ല. സ്‌പെഷന്‍ ഇന്റസീവ് റിവിഷന്‍ എന്ന സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോഴും പ്രവാസിക്കായി പ്രത്യേക പാക്കേജൊന്നും ഉള്ളതായി ഇതുവരെ ആരും വ്യക്തമാക്കിയിട്ടില്ല. ലക്ഷക്കണക്കിനു രൂപ വിമാനക്കൂലിയായി മാത്രം മുടക്കി വന്നു വോട്ടുചെയ്തു പോകാന്‍ പ്രവാസിക്കു കഴിയാറില്ലെങ്കിലും പ്രോക്‌സി വോട്ട് എന്ന ആവശ്യമാണ് ആരും പരിഗണിക്കാത്തത്.
രണ്ടു വര്‍ഷം മുമ്പു നടന്ന കേരള മൈഗ്രേഷന്‍ സര്‍വേ പ്രകാരം 22 ലക്ഷത്തിലധികമാണ് വിദേശരാജ്യങ്ങളിലേക്കു പോയിരിക്കുന്ന പ്രവാസികളുടെ എണ്ണം. കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട് എണ്ണം ഇതില്‍ കൂടിയിരിക്കാനാണ് എല്ലാ സാധ്യതയും. കേരളത്തിനു പുറത്ത്, എന്നാല്‍ ഇന്ത്യയില്‍ തന്നെയുള്ള പ്രവാസികളുടെ എണ്ണം മുപ്പതു ലക്ഷത്തോളവും വരും. ഇവരിലും വളരെ ചെറിയ ശതമാനമേ കഷ്ടതകള്‍ സഹിച്ചും അവധിയെടുത്തും വന്നു വോട്ടുചെയ്യൂ. അതായത് അമ്പതു ലക്ഷത്തിലധികം ജനങ്ങള്‍ വോട്ടവകാശം വിനിയോഗിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണിപ്പോഴുള്ളത്. നിലവില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന കരടു വോട്ടര്‍ പട്ടിക പ്രകാരം കേരളത്തില്‍ 2.83 കോടി വോട്ടര്‍മാരാണുള്ളത്. ഇതിനു പുറമെയാണ് അരക്കോടിയിലേറെ വരുന്ന പ്രവാസി വോട്ടര്‍മാര്‍. ഒന്നുകില്‍ എംബസി വഴി വോട്ടു ചെയ്യാന്‍ ഇവര്‍ക്ക് അവസരമൊരുക്കുക, അല്ലെങ്കില്‍ വീട്ടില്‍ അധികാരപ്പെടുത്തിയിരിക്കുന്ന ഒരാള്‍ക്ക് ഇവര്‍ക്കായി പകരം വോട്ട് അഥവാ പ്രോക്‌സി വോട്ട് ചെയ്യാന്‍ അവസമൊരുക്കുക എന്നതാണ് നല്ലതെന്ന് പ്രവാസി സംഘടനകള്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി താനും.