സൗത്ത് കരോലിന: അമേരിക്കയിലെ സൗത്ത് കരോലിനയില്‍ കഴിഞ്ഞ ബുധനാഴ്ച ഗുജറാത്തില്‍ നിന്നുള്ള കിരണ്‍ പട്ടേല്‍ എന്ന യുവതിയെ വെടിവച്ചു കൊന്ന പ്രതി പോലീസ് പിടിയില്‍. സീഡന്‍ മാക്ഹില്‍ എന്ന ഇരുപത്തൊന്നുകാരനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. അതേ ദിവസം തന്നെ രണ്ടാമതൊരു കൊലപാതകം കൂടി നടത്തിയശേഷമാണ് മാക്ഹില്‍ ഒളിവില്‍ പോയത്. രണ്ടാമത്തെ സംഭവത്തില്‍ ചാള്‍സ് നാഥന്‍ ക്രോസ്‌ബെ എന്നയാളാണ് കൊല്ലപ്പെട്ടത്. കൊലയാളിയുടെ പേര് അല്ലാതെ മറ്റു വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
സൗത്ത് കരോലിനയില്‍ ഒരു പെട്രോള്‍ പമ്പിനോടു ചേര്‍ന്ന് ഡിഡി ഫുഡ്മാര്‍ട്ട് എന്ന പേരില്‍ നിത്യോപയോഗ സാധനങ്ങളുടെ കട നടത്തുകയായിരുന്നു കിരണ്‍ പട്ടേല്‍. രാത്രി പത്തരയോടെ അന്നത്തെ വരുമാനം കൗണ്ടറിനു പിന്നിലിരുന്ന് എണ്ണിത്തിട്ടപ്പെടുത്തുമ്പോള്‍ കടന്നു വന്ന പ്രതി തോക്കു ചൂണ്ടി കിരണിനോടു പണം ആവശ്യപ്പെടുകയായിരുന്നു. കയ്യില്‍ കിട്ടിയ സാധനങ്ങളെല്ലാം എടുത്ത് അയാളെ എറിഞ്ഞ ശേഷം പുറത്തേക്കോടിയ സ്ത്രീയെ ഇയാള്‍ പിന്നില്‍ നിന്നു വെടിവച്ച് വീഴ്ത്തുകയായിരുന്നു. പിന്നീട് കടയില്‍ നിന്ന് പണവുമെടുത്ത് രക്ഷപെട്ടു. സൗത്ത് കരോലിന ലോ എന്‍ഫോഴ്‌സ്‌മെന്റ് ഡിവിഷനും യൂണിയന്‍ പബ്ലിക് സേഫ്റ്റി ഉദ്യോഗസ്ഥരും ചേര്‍ന്നാണ് തീവതിരച്ചിലിനൊടുവില്‍ മാക്ഹിലിനെ പിടികൂടിയത്.
കിരണ്‍ പട്ടേലിനെ കൊന്ന പ്രതി അന്നു തന്നെ മറ്റൊരു കൊലപാതകവും നടത്തി, പോലീസ് പിടിയിലായി

