തലൈവര്‍ നിറഞ്ഞാടിയ അമ്പതാണ്ട്; മാറ്റമില്ലാത്ത സിംഹാസനത്തില്‍ രജനി

അമ്പതാണ്ട് വെള്ളിത്തിരയില്‍ നിറഞ്ഞു നിന്നതിന്റെ കനവും കരുത്തുമായി രജനികാന്ത്. രണ്ടു ദിവസം മുമ്പ് പുറത്തിറങ്ങിയ കൂലി വരെയെടുത്താല്‍ അമ്പതാണ്ടില്‍ ഒരിക്കല്‍ പോലും രജനി പാളിയില്ലെന്നു പറയാനാവില്ല. സിനിമ പ്രേമികളുടെയോ ആരാധകരുടെയോ പ്രതീക്ഷകളെ ഒരിക്കലും നിരാശപ്പെടുത്തിയില്ലെന്നും പറയാനാവില്ല. എന്നാലും രജനി ഇന്നും തെന്നിന്ത്യയുടെ സ്റ്റൈല്‍ മന്നന്‍ തന്നെയാണ്. അതാണ് ആ പേഴ്‌സണാലിറ്റി സ്റ്റേറ്റ്‌മെന്റ്. അതാണ് രജനിയെന്ന പേരു സൃഷ്ടിക്കുന്ന വൈബ്.
2025 എന്നത് തെന്നിന്ത്യയുടെ താരരാജാവായ രജനിയുടെ അരങ്ങേറ്റത്തിന്റെ കനകജൂബിലി വര്‍ഷമാണ്. അതേ സമയത്തു തന്നെ കനകരാജിന്റെ പടം തീയറ്ററുകളില്‍ തകര്‍ത്തോടുകയുമാണ്. ആകെ കനകമയം. 1975ല്‍ അപൂര്‍വരാഗങ്ങള്‍ എന്ന സിനിമയിലൂടെ അഭിനയ ലോകത്തെത്തിയ രജനിയുടെ ചെയ്യാത്ത വേഷങ്ങളില്ലെന്നു പറയാം.

ആദ്യകാല ചിത്രങ്ങളിലൊക്കെ വില്ലന്‍ വേഷങ്ങളായിരുന്നു തേടിയെത്തിയിരുന്നതെങ്കില്‍ പിന്നെപ്പിന്നെ സ്വഭാവ നടന്റേതായി വേഷങ്ങള്‍. അതും കഴിഞ്ഞപ്പോള്‍ ആക്ഷന്‍ ഹീറോയുടേതായി. അതേ രീതിയില്‍ തന്നെ ഇന്നും തുടരുന്നതിനു പിന്നില്‍ അടങ്ങാത്ത അഭിനയതൃഷ്ണയെന്നതു പോലെ പ്രധാനമാണ് സ്വന്തമായൊരു സ്റ്റൈല്‍ തെളിച്ചെടുത്തതും.


ബെംഗളൂരുവിലെ ഒരു ബസില്‍ കാക്കിയണിഞ്ഞ കണ്ടക്ടറായി അന്നന്നത്തെ ആഹാരത്തിനു പണിയെടുത്തിരുന്ന ശിവജി റാവുവില്‍ നിന്ന് രജനികാന്തിലേക്കുള്ള വളര്‍ച്ച തന്നെ ഒരു സിനിമയ്ക്കു വേണ്ട എല്ലാ കഥക്കൂട്ടുകളുമുള്ളതാണ്.
പേരെടുത്ത സംവിധായകന്‍ കെ. ബാലചന്ദറുടെ അപൂര്‍വരാഗങ്ങളില്‍ രജനിക്കു കിട്ടിയത് തീരെ ചെറിയൊരു റോള്‍ മാത്രമായിരുന്നു. തുടര്‍ന്നു വന്ന കുറേയേറെ സിനിമകളില്‍ വില്ലന്‍ വേഷമായിരുന്നു കിട്ടിയതെങ്കിലും അത്തരം വേഷങ്ങളിലൂടെയായിരുന്നു രജനിയെന്ന സ്‌റ്റൈല്‍ മന്നന്റെ പിറവി. ഡയലോഗുകള്‍ കാച്ചുന്നതിലെ വേഗം, സിഗരറ്റ് കൊണ്ടുള്ള പ്രകടനങ്ങള്‍, കണ്ണാടിയെ സ്റ്റൈലിന്റെ ഭാഗമാക്കല്‍ ഒക്കെ പ്രേക്ഷകര്‍ വേഗം നെഞ്ചിലേറ്റി.
എണ്‍പതുകളിലാണ് രജനികാന്ത് ആകെ മൊത്തമൊന്നു മാറുന്നത്. അതിനു കാരണമായതാകട്ടെ ബില്ല, മുരട്ടുകാളൈ, ധര്‍മത്തിന്‍ തലൈവന്‍ തുടങ്ങിയ മാസ് ചിത്രങ്ങള്‍. അന്നു മുതല്‍ രജനിയുടെ പടങ്ങളൊന്നും ബോക്‌സ് ഓഫീസില്‍ കാര്യമായ കയ്പ് അറിഞ്ഞിട്ടില്ല. രജനി എന്നതു തന്നെ മിനിമം ഗാരന്റി ഉറപ്പാക്കുന്ന പദമായി മാറുകയായിരുന്നു. തമിഴകത്തു മാത്രമല്ല, തെക്കേ ഇന്ത്യ മുഴുവനുമാണ് ആദ്യം രജനിയങ്ങ് എടുത്തത്. ഹിന്ദിയുമായുള്ള ഒടുങ്ങാത്ത പോരിലാണ് തമിഴകത്തിന്റെ നില്‍പെങ്കിലും അതേ തമിഴകത്തിന്റെ നായകനെ ഹിന്ദി ഭൂമിയും ഏറ്റെടുത്തു. ഇന്നിപ്പോള്‍ ലോകത്ത് എവിടെയാണ് രജനിയുടെ ആരാധകരില്ലാത്തത് എന്നു കണ്ടെത്തുകയാകും ദുഷ്‌കരം.

ബാഷ, മുത്തു തുടങ്ങിയ ചിത്രങ്ങളിലെത്തിയപ്പോള്‍ വെറുതെ മാസ് എന്നൊന്നുമല്ല സിനിമ വ്യവസായ മേഖല അവയെ വിശേഷിപ്പിച്ചത്. പകരം വന്ന പദമാണ് രജനി ബ്ലോക്ക് ബസ്റ്റര്‍ എന്നത്. ഇന്ന് ഈ പദം ഉപയോഗിക്കാത്ത പ്രദേശങ്ങള്‍ പോലുമുണ്ടാകില്ല.


നൂറ്റാണ്ടിന്റെ മാറ്റം കഴിഞ്ഞതോടെ, അതായത് രണ്ടായിരാമാണ്ട് കഴിഞ്ഞതോടെ, രജനിയുടെ കരിയറില്‍ രണ്ടു മാറ്റങ്ങളാണ് സംഭവിച്ചത്. ഒരെണ്ണം സാങ്കേതിക വിദ്യകൊണ്ടുള്ള കളിയാണ്. രണ്ടാമത്തേത് ലോകം മുഴുവന്‍ പടങ്ങളെത്തിക്കാന്‍ കഴിഞ്ഞതും. രണ്ടാമത്തേതിനു പിന്നിലുള്ളതും സാങ്കേതിക വിദ്യയുടെ വളര്‍ച്ച തന്നെയായിരുന്നു എന്നതു മറ്റൊരു കാര്യം. ശിവജി, യന്തിരന്‍ തുടങ്ങിയ പടങ്ങളൊക്കെ ഇക്കാര്യം വേണ്ടതിലധികം വെളിവാക്കുന്നു. ഇവയൊക്കെ അന്നോളമുള്ള ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തെ തിരുത്തിയെഴുതിയവയാണ്. ഒരു താരം വാങ്ങുന്ന പ്രതിഫലം മുതല്‍ ഒരു പടം വാരിക്കൂട്ടുന്ന ലാഭം വരെ എന്തിലും ഇവ ചരിത്രമായി മാറി. ഒരു കാര്യം കൂടി ഇക്കൂടെ പറയാതെ വയ്യ, പ്രായം ഈ മനുഷ്യന്റെ മുന്നില്‍ തോല്‍ക്കുകയാണ്. കഴിഞ്ഞ അമ്പതു വര്‍ഷമായി തമിഴ് ഫിലിം ഇന്‍ഡസ്ട്രിക്ക് ഒരൊറ്റ മുഖമേയുള്ളൂ എന്നു പറയുന്നത് മറ്റാരുമല്ല, തമിഴിലെ തന്നെ ഇളമുറക്കാരാണ്. ആ മുഖം രജനികാന്ത് എന്ന സൂപ്പര്‍ താരത്തിന്റേതു മാത്രമാണ്.