ബാങ്കോക്ക്: വിദേശ രാജ്യങ്ങളില്‍ നിന്നു തായ്‌ലന്‍ഡ് സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് കിടിലന്‍ ഓഫറുകളുമായി തായ് ഗവണ്‍മെന്റ്. രാജ്യത്തിന്റെ ടൂറിസം പ്രാധാന്യമുള്ള സ്ഥലങ്ങളിലേക്ക് സഞ്ചാരികളെ കൊണ്ടുപോകുന്നതിന് സൗജന്യമായി ആഭ്യന്തര വിമാന സര്‍വീസ് ലഭ്യമാക്കുമെന്നതാണ് വാഗ്ദാനങ്ങളിലെ ഏറ്റവും ആകര്‍ഷകമായ ഇനം. ബൈ ഇന്റര്‍നാഷണല്‍, ഫ്രീ തായ്‌ലന്‍ഡ് ഡൊമസ്റ്റിക് ഫ്‌ളൈറ്റ്‌സ് എന്നാണ് പദ്ധതിക്കു പേരിട്ടിരിക്കുന്നതു തന്നെ.
സഞ്ചാരികളായെത്തുന്നവര്‍ ബാങ്കോക്ക്, ഫുക്കറ്റ് പോലെയുള്ള പ്രധാന ടൂറിസം കേന്ദ്രങ്ങള്‍ക്കപ്പുറത്തേക്കു പോകാന്‍ മടിക്കുന്നതാണ് പുതിയ പദ്ധതി പ്രഖ്യാപിക്കാന്‍ തായ് ഗവണ്‍മെന്റിനെ പ്രേരിപ്പിക്കുന്ന പ്രധാന പ്രേരണ.
സൗജന്യ വിമാനയാത്രാ പദ്ധതി പ്രകാരം ഒരു വശത്തേക്കുള്ള യാത്രയ്ക്ക് 1750 ബാത്ത് (തായ്‌ലന്‍ഡ് കറന്‍സി) വീതം വിമാനക്കമ്പനികള്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം അനുവദിക്കും. അതായത് സഞ്ചാരികളായെത്തുന്നവര്‍ക്ക് ഒരു വശത്തേക്ക് ഒരു ചെലവുമില്ലാതെ യാത്ര ചെയ്യാനാവും. യുനസ്‌കോയുടെ ലോക പൈതൃക നഗരങ്ങള്‍, പ്രകൃതി ഭംഗി നിറഞ്ഞ ടൂറിസം സങ്കേതങ്ങള്‍, രാജ്യത്തെ പ്രധാന നഗരങ്ങള്‍ എന്നിവയെല്ലാം ഈ പദ്ധതിയുടെ കീഴില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ മാസം അവസാനം പദ്ധതി ആരംഭിക്കും. ഡിസംബര്‍ ആദ്യം അവസാനിക്കും. അതായത് സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ വണ്‍വേ സൗജന്യയാത്രയുടെ മെച്ചം എല്ലാ അന്താരാഷ്ട്ര സഞ്ചാരികള്‍ക്കും ലഭിക്കും. വിദേശ സഞ്ചാരികള്‍ക്കു മാത്രമാണ് ഈ പദ്ധതിയുടെ മെച്ചം കിട്ടുക. എയര്‍ലൈന്‍ വെബ്‌സൈറ്റുകള്‍, മള്‍ട്ടി സിറ്റി ഓപ്ഷനുകള്‍, ഫ്‌ളൈ ത്രൂ സേവനങ്ങള്‍, ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്റുമാര്‍ എന്നിവര്‍ വഴിയെല്ലാം ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് സൗജന്യത്തിന് അര്‍ഹതയുണ്ടായിരിക്കും. ഓരോ യാത്രക്കാരനും 20 കിലോഗ്രാം വീതം ബാഗേജും സൗജന്യമായി കൊണ്ടുപോകുന്നതിനു സാധിക്കും.
അടുത്ത മാസം മുതല്‍ കാശുമുടക്കാതെ പറന്നു നടന്ന് തായലന്‍ഡ് കാണാന്‍ അവസരം
