ക്ഷേത്രങ്ങളിലെ വരുമാനം ക്ഷേത്രകാര്യങ്ങള്‍ക്കു മാത്രം, നിര്‍ണായക വിധി

ചെന്നൈ: ക്ഷേത്രങ്ങളുടെ പണം ക്ഷേത്രങ്ങളുടെ ആവശ്യത്തിനു മാത്രമേ ഉപയോഗിക്കാവൂ എന്ന നിര്‍ണായക വിധിയുമായി തമിഴ്‌നാട് ഹൈക്കോടതിയുടെ മധുര ബഞ്ച്. സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി മെച്ചമായി ഇരുപത്തേഴ് ക്ഷേത്രങ്ങളുടെ മിച്ചവരുമാനം ഉപയോഗിച്ച് കല്യാണ മണ്ഡപങ്ങള്‍ നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരേ ഫയല്‍ ചെയ്ത ഹര്‍ജികള്‍ പരിഗണിച്ച ശേഷമാണ് കോടതി ഏറെ പ്രാധാന്യമുള്ള ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ജസ്റ്റിസുമാരായ എസ് എം സുബ്രമണ്യന്‍, ജി അരുള്‍ മുരുഗന്‍ എന്നിവരുടെ ബഞ്ചിന്റേതാണ് വിധി.
കല്യാണ മണ്ഡപങ്ങളുടെ നിര്‍മാണത്തിനായി ക്ഷേത്ര വരുമാനത്തില്‍ നിന്ന് എണ്‍പതു കോടി രൂപ നീക്കിവയ്ക്കാനായിരുന്നു സംസ്ഥാന ഗവണ്‍മെന്റിന്റെ തീരുമാനം. ഇതിനെ ചോദ്യം ചെയ്തുകൊണ്ടു സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. ക്ഷേത്രത്തിലേക്ക് വിശ്വാസികള്‍ പണമായും മറ്റു വസ്തുക്കളായും നല്‍കുന്ന സംഭാവനകളും വഴിപാടുകളും പ്രതിഷ്ഠയ്ക്ക് അവകാശപ്പെട്ടതാണ്. പ്രതിഷ്ഠയെ നിയമത്തിന്റെ കണ്ണില്‍ പ്രായപൂര്‍ത്തിയാകാത്ത വ്യക്തിയായാണ് കണക്കാക്കുന്നത്. അതിനാല്‍ ക്ഷേത്രത്തിലെ സ്വത്തിന്റെ കൈകാര്യ ചുമതല കോടതിക്കാണ്. ക്ഷേത്രത്തിന്റെ വിശ്വാസപരമായ കാര്യത്തിനോ പുനര്‍നിര്‍മാണത്തിനോ മാത്രമേ പ്രതിഷ്ഠയ്ക്ക് അവകാശപ്പെട്ട പണം വിനിയോഗിക്കാവൂ. കല്യാണമണ്ഡപങ്ങള്‍ പണിത് വാടകയ്ക്ക് കൊടുക്കുന്നത് അത്തരം കാര്യമായി കണക്കാക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി.