ഇതാ കൗമാരപ്രതിഭ, ഓണ്‍ലൈന്‍ ഫ്രോഡുകളില്‍ നിന്നു വയോധികര്‍ക്കു രക്ഷ, തേജസ്വിനി ടൈം കിഡ് ഓഫ് ദി ഈയര്‍

ടെക്‌സാസ്: ഇന്ത്യന്‍ വംശജയായ വിദ്യാര്‍ഥിനി ടൈം മാസികയുടെ കിഡ് ഓഫ് ദി ഈയര്‍ അവാര്‍ഡിന് അര്‍ഹയായി. ലെബനന്‍ ട്രെയില്‍ ഹൈസ്‌കൂളിലെ സീനിയറായ തേജസ്വിനി മനോജാണ് ഈ നേട്ടത്തിന് അര്‍ഹയായത്. ഓണ്‍ലൈന്‍ ഫ്രോഡുകളില്‍ നിന്ന് വയോജനങ്ങളെ രക്ഷിക്കുന്നതിനുള്ള ഡിജിറ്റല്‍ സൗകര്യങ്ങളൊരുക്കിയതിനാണ് തേജസ്വിനി ആദരിക്കപ്പെടുന്നത്. ഇതിനായി പ്രത്യേക ആപ്പ് വികസിപ്പിക്കുകയാണ് ഈ പെണ്‍കുട്ടി ചെയ്തത്. സാങ്കേതിക വിദ്യയും സാമൂഹ്യസേവനവും ഒന്നിച്ച് പ്രവര്‍ത്തിക്കുന്നതിന് അവസരമൊരുക്കി എന്നതാണ് ഈ മിടുക്കിക്ക് അവാര്‍ഡ് പ്രഖ്യാപിച്ചുകൊണ്ട് ടൈം അറിയിച്ചത്. ആപ്പ് ചെയ്യുന്ന കാര്യം തന്നെ സൂചിപ്പിക്കുന്നതാണ് ഇതിനു തേജസ്വിനി നല്‍കിയിരിക്കുന്ന പേരും-ഷീല്‍ഡ് സീനിയേഴ്‌സ്.
ഒരിക്കല്‍ ഇവരുടെ മുത്തച്ഛന്‍ ഒരു ഓണ്‍ലൈന്‍ തട്ടിപ്പിന്റെ വക്കില്‍ വരെയെത്തിയതിനു ശേഷം രക്ഷപെടുകയായിരുന്നു. അപ്പോള്‍ മനസില്‍ തോന്നിയ ആശയമാണ് അവര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്നതും അനായാസം കൈകാര്യം ചെയ്യാവുന്നതുമായൊരു ആപ്പ് വികസിപ്പിക്കണമെന്ന്. ഏതു സംശയാസ്പദമായ സന്ദേശവും അപഗ്രഥിക്കാനും അതില്‍ അടങ്ങിയിരിക്കുന്ന ചതിക്കുഴികള്‍ പറഞ്ഞുകൊടുക്കാനും ഇതിനു സാധിക്കും. ഇതുവരെ പൂര്‍ണതോതില്‍ റിലീസ് ചെയ്തിട്ടില്ലെങ്കിലും ഇത് ഉപയോഗിക്കുന്നവര്‍ നിരവധിയാണ്. കഴിഞ്ഞ വര്‍ഷത്തെ കോണ്‍ഗ്രഷണല്‍ ആപ്പ് ചലഞ്ചില്‍ ഇതിന് പ്രത്യേക പരാമര്‍ശമാണ് ലഭിച്ചത്. മിഡില്‍ സ്‌കൂള്‍ തലം മുതല്‍ കോഡിങ് ആണ് തേജസ്വിനിയുടെ ഇഷ്ടവിഷയം. അന്നുമുതല്‍ സൈറ്റുകളും സോഫ്‌റ്റ്വെയറുകളും വരെ ഇവര്‍ കോഡ് ചെയ്യുന്നു. ഗേള്‍സ് ഹൂ കോഡ്, സൈബര്‍ പാട്രിയറ്റ്, മാര്‍ക്ക് ക്യൂബന്‍ എഐ ബൂട്ട് ക്യാമ്പ് തുടങ്ങിയ സമാന മനസ്‌കരുടെ കൂട്ടായ്മകളില്‍ ഇവര്‍ സജീവ അംഗവുമാണ്.