കൊച്ചി: മലയാള സാഹിത്യ ലോകത്തെ ശ്രേഷ്ഠ സ്ഥാനീയനും സൗമ്യഗുരുവായിരുന്ന പ്രഫ. എം കെ സാനു അന്തരിച്ചു. അദ്ദേഹത്തിനു 98 വയസായിരുന്നു. അടുത്തയിടെ വരെ സാഹിത്യവേദികളില്‍ സജീവ സാന്നിധ്യമായിരുന്ന സാനുമാഷ് കഴിഞ്ഞ മാസം 25ന് വീട്ടില്‍ വീണ് ഇടുപ്പെല്ലിനു പരുക്കേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയയ്ക്കു വിധേയനായ പ്രഫ. സാനുവിന് പിന്നീട് ശ്വാസതടസമുണ്ടായതിനെ തുടര്‍ന്ന് ഇന്റന്‍സീവ് കെയര്‍ വിഭാഗത്തിലേക്കു മാറ്റുകയായിരുന്നു. ഇന്നു വൈകുന്നേരം അഞ്ചരയോടെയായിരുന്നു വിയോഗം. നാളെ രാവിലെ പത്തിനു മൃതദേഹം പൊതു ദര്‍ശനത്തിനായി എറണാകുളം ടൗണ്ഹാളിലെത്തിക്കുകയും വൈകുന്നേരം അഞ്ചിന് രവിപുരം ശ്മശാനത്തില്‍ സംസ്കരിക്കുകയും ചെയ്യും.
ആലപ്പുഴ ജില്ലയിലെ തുമ്പോളിയില്‍ 1928 ഒക്ടോബര്‍ ഏഴിന് എം സി കേശവന്റെയും കെ പി ഭവാനിയുടെയും പുത്രനായി ജനിച്ച സാനു തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ നിന്ന് ഒന്നാം റാങ്കോടെ മലയാളത്തില്‍ എംഎ ബിരുദം കരസ്ഥമാക്കി. പിന്നീട് കൊല്ലം എസ്എന്‍ കോളജ്, എറണാകുളം മഹാരാജാസ് കോളജ് എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു. 1983ലാണ് അധ്യാപനവൃത്തിയില്‍ നിന്നു വിരമിക്കുന്നത്. 1986ല്‍ പുരോഗമന സാഹിത്യസംഘം അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. ആശയപരമായി ഇടതുപക്ഷത്തു നിലയുറപ്പിച്ച സാനു 1987ല്‍ എറണാകുളം നിയമസഭാ മണ്ഡലത്തില്‍ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. പിന്നീട് തിരഞ്ഞെടുപ്പ് രംഗത്തേക്കിറങ്ങിയില്ല. ഇടതു സഹയാത്രികനായിരിക്കെ തന്നെ സര്‍വസമ്മതനായ അധ്യാപകനായി മാറാനും സാനുമാഷിനു സാധിച്ചു. എഴുത്തുകാരന്, അധ്യാപകന്, ചിന്തകന്‍, പ്രഭാഷകന്‍, സാംസ്കാരിക നായകന് എന്നിങ്ങളെ വ്യത്യസ്ത നിലകളില്‍ അദ്ദേഹം സര്‍വസമ്മതനായി. 1958ലാണ് ആദ്യ സാഹിത്യ കൃതി പുറത്തുവരുന്നത്-അഞ്ചു ശാസ്ത്രനായകന്മാര്. പിന്നീട് എണ്‍പതിലേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
പരേതയായ എന്‍ രത്നമ്മയാണ് ഭാര്യ. എം എസ് രഞ്ജിത്, എം എസ് രേഖ, ഡോ. എം എസ് ഗീത, എം എസ് സീത, എം എസ് ഹാരിസ് എന്നിവരാണ് മക്കള്‍. സി വി മായ, സി കെ കൃഷ്ണന്, അഡ്വ. പി വി ജ്യോതി, ഡോ. പ്രശാന്ത് കുമാര്‍, മിനി എന്നിവര്‍ മരുമക്കള്‍.
അധ്യാപക ശ്രേഷ്ഠന്, സൗമ്യഗുരു എം കെ സാനു അന്തരിച്ചു
