കൊച്ചി: രാജ്യാന്തര തേയില കോണ്‍ഫറന്‍സില്‍ ഇന്ത്യന്‍ കമ്പനിയായ ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍സ് സ്വര്‍ണ മെഡല്‍ കരസ്ഥമാക്കി. അമേരിക്കയിലെ ചാള്‍സ്റ്റണില്‍ നടന്ന പതിനാലാമത് നോര്‍ത്ത് അമേരിക്കന്‍ ടീ കോണ്‍ഫറന്‍സിലാണ് ഹാരിസണ്‍സിന്റെ വയനാട്ടിലെ അറപ്പെട്ട എസ്റ്റേറ്റില്‍ നിന്നുള്ള തേയില പുരസ്കാര ജേതാവായി മാറിയത്. പല വിഭാഗങ്ങളിലായി അംഗീകാരങ്ങള്‍ നല്കുന്ന വേദിയാണ് അമേരിക്കന്‍ ടീ കോണ്‍ഫറന്‍സ്. ടീ ആന്‍ഡ് സസ്റ്റെയിനബിലിറ്റി വിഭാഗത്തിലാണ് ഹാരിസണ്‍സിന്റെ വയനാടന്‍ തേയിലയ്ക്ക് സമ്മാനം. വ്യത്യസ്ത തോട്ടങ്ങളില്‍ നിന്നുള്ള തേയിലകള്‍ പ്രത്യേകം പ്രത്യേകമായാണ് മത്സരത്തിനു സമര്‍പ്പിക്കേണ്ടത്. ഹാരിസണ്‍സ് സമര്‍പ്പിച്ചത് വയനാട്ടില്‍ നിന്നുള്ള തേയിലയാണെന്നു മാത്രം. കേരളത്തിലും തമിഴ്നാട്ടിലുമായി 24 തേയില തോട്ടങ്ങളാണ് ഹാരിസണ്സിനുള്ളത്.
ഗുണമേന്മ, സ്ഥിരതയോടെയുള്ള ഉല്പാദനം, സുസ്ഥിരമായ കൃഷിരീതികളിലുള്ള പ്രതിബദ്ധത എന്നിങ്ങനെയുള്ള മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് വിജയിയെ കണ്ടെത്തുക. ലോകത്തുള്ള എല്ലാ പ്രധാന തേയില ഉല്പാദകരും ഈ മത്സരത്തില്‍ പങ്കെടുക്കുന്നതാണ്. യുഎസ്എ ടീ അസോസിയേഷനും കാനഡ ടീ ആന്‍ഡ് ഹെര്‍ബല്‍ അസോസിയേഷനും സംയുക്തമായാണ് ടീ കോണ്‍ഫറന്‍സ് എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്നത്.
ലോകോത്തരമായ തേയിലകള്‍ സുസ്ഥിരമായ സങ്കേതങ്ങള്‍ ഉപയോഗിച്ച് സ്ഥിരമായി നിര്‍മിക്കുന്ന തങ്ങളുടെ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണ് ഈ പുരസ്കാരമെന്ന് ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് സിഇഒയും ഡയറക്ടറുമായ ചെറിയാന് എം. ജോര്‍ജ് പറഞ്ഞു. വ്യത്യസ്ത രുചിയും മറ്റു സവിശേഷതകളുമുള്ള തേയിലകള്‍ പരിസ്ഥിതി സൗഹൃദപരമായ രീതികളിലൂടെയാണ് ഹാരിസണ്‍സ് ഉല്പാദിപ്പിക്കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി.
തേയിലയുടെ മികവില്‍ ഹാരിസണ്‍സിന് രാജ്യാന്തര സുവര്‍ണ പുരസ്കാരം

