ടിസിഎസിന്റെ വാതിലിലും എഐ മുട്ടുന്നു, ജീവനക്കാരെ പിരിച്ചുവിടാന്‍ പാക്കേജ്

ബെഗളൂരു: എഐ സാങ്കേതിക വിദ്യയിലേക്കു തിരിയുന്നതിന്റെ മെച്ചം ഇന്ത്യന്‍ ടെക് ഭീമന്‍മാരും തിരിച്ചറിയുന്നു. രാജ്യത്തെ ഏറ്റവും വലിയ ടെക് കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) വന്‍തോതിലുള്ള പിരിച്ചുവിടലിന്റെ പദ്ധതി തയാറാക്കുന്നു. എത്ര പേരെ പിരിച്ചുവിടുമെന്ന് കൃത്യമായി കണക്ക് പുറത്തുവിട്ടിട്ടില്ലെങ്കിലും കമ്പനിയുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്ത ആരും ഇനി പണിയിലുണ്ടാകുമെന്നു കരുതാന്‍ തരമില്ല. എട്ടു മാസമായി പ്രത്യേക ചുമതലകളൊന്നും ലഭിക്കാത്തവരും പുതിയ പരിശീലനങ്ങള്‍ക്ക് നിയോഗിക്കപ്പെടാത്തവരും തെറിക്കുമെന്നുറപ്പാണ്. ഇവര്‍ എത്രവര്‍ഷമായി ജോലിയിലിരിക്കുന്നു എന്നത് കണക്കിലെടുക്കില്ലെന്നാണ് ലഭിക്കുന്ന സൂചനകള്‍.
ഒരു വര്‍ഷത്തിനുള്ളില്‍ 12000 ജീവനക്കാരെ ഒഴിവാക്കുമെന്നാണ് ആദ്യം കേട്ടിരുന്നതെങ്കിലും എണ്ണം അതിലുമുയരുമെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. മണി കണ്‍ട്രോള്‍ എന്ന പ്രമുഖ സാമ്പത്തിക പ്രസിദ്ധീകരണമാണ് പിരിച്ചുവിടല്‍ വാര്‍ത്ത വെളിപ്പെടുത്തുന്നത്. പിരിച്ചുവിടല്‍ പദ്ധതി ഉടന്‍ ആരംഭിക്കും. പുറത്തു പോകേണ്ടിവരുന്നവര്‍ക്ക് മൂന്നുമാസത്തെ നോട്ടീസ് നല്‍കുകയായിരിക്കും ആദ്യം ചെയ്യുക. ഏറ്റവും ചുരുങ്ങിയത് ആറുമാസത്തെ വേതനം പിരിഞ്ഞുപോകുന്നവര്‍ക്ക് നഷ്ടപരിഹാരമായി നല്‍കും. ഏറ്റവും കൂടിയത് രണ്ടുവര്‍ഷത്തെ വേതനത്തിനു തുല്യമായ തുകയായിരിക്കും. പത്തു മുതല്‍ പതിനഞ്ചു വര്‍ഷം വരെ സര്‍വീസുള്ളവര്‍ക്ക് ഒന്നര വര്‍ഷത്തെ വേതനം നഷ്ടപരിഹാരമായി ലഭിക്കും. പിരിഞ്ഞു പോകുന്നവര്‍ക്ക് മറ്റൊരു തൊഴില്‍ കണ്ടെത്താന്‍ വേണ്ട സഹായവും കമ്പനി ചെയ്യുമെന്നു പറയപ്പെടുന്നു.