ഇടുക്കി: കേരളത്തിലെ ടൂറിസത്തിന്റെ മുഖത്ത് ചെളിവാരിത്തേക്കുന്ന പ്രവൃത്തിയുമായി മൂന്നാറിലെ ടാക്‌സി ഡ്രൈവര്‍മാര്‍. ഇവരില്‍ നിന്നു ദുരനുഭവം നേരിട്ട മുംബൈ സ്വദേശിനിയായ യുവതിയുടെ സമൂഹ മാധ്യമ പോസ്റ്റ് ഏറെ വൈറലായിരിക്കുകയാണ്. ഇതോടെ സംസ്ഥാന ടൂറിസം മന്ത്രി നേരിട്ട് അന്വേഷണത്തിന് ഉത്തരവിടുകയും രണ്ടു ഡ്രൈവര്‍മാരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. ടാക്‌സി ഡ്രൈവര്‍മാരുടെ ക്രൂരതയ്ക്കു പുറമെ കേരള പോലീസിന്റെ നിസംഗതയും ജാന്‍വി എന്ന യുവതിയില്‍ വ്‌ളോഗില്‍ എടുത്തു പറയുന്നു. മുംബൈയില്‍ അസിസ്റ്റന്റ് പ്രഫസറാണ് യുവതി.
ഓണ്‍ലൈനായി ബുക്ക് ചെയ്ത ടാക്‌സിയിലാണ് കൊച്ചിയും ആലപ്പുഴയും സന്ദര്‍ശിച്ച ശേഷം യുവതിയും സുഹൃത്തുക്കളും മൂന്നാറിലെത്തുന്നത്. എന്നാല്‍ മൂന്നാറില്‍ ഓണ്‍ലൈന്‍ ടാക്‌സിക്കു നിരോധനമുണ്ടെന്നു പറഞ്ഞ് ഒരു സംഘം ഇവരുടെ വാഹനം റോഡില്‍ തടഞ്ഞു. മൂന്നാറില്‍ ഓടുന്ന ടാക്‌സിയില്‍ മാത്രമേ യാത്രചെയ്യാന്‍ പാടുള്ളൂവെന്നായിരുന്നു ഇവരുടെ നിലപാട്. ഇതേ തുടര്‍ന്ന് യുവതി പോലീസിന്റെ സഹായം തേടി. എന്നാല്‍ സ്ഥലത്തെത്തിയ പോലീസും ഇതേ നിലപാടു തന്നെയായിരുന്നു സ്വീകരിച്ചത്. ഇതോടെ മറ്റൊരു ടാക്‌സി വാടകയ്‌ക്കെടുത്ത് യാത്ര തുടരേണ്ടി വന്നുവെന്നും യുവതി പറയുന്നു. ഏറെ വേദനയോടെയാണ് യാത്ര അവസാനിപ്പിച്ച് മടങ്ങിയതെന്നു പറഞ്ഞാണ് ഇവരുടെ വീഡിയോ അവസാനിക്കുന്നത്. ഓണ്‍ലൈന്‍ ടാക്‌സിക്കാര്‍ ആവശ്യപ്പെട്ടതിനെക്കാള്‍ മൂന്നിരട്ടി തുകയ്ക്കാണ് മൂന്നാറിലെ ടാക്‌സി വിളിക്കേണ്ടി വന്നതെന്നും ഇവര്‍ പറയുന്നു. കേരളത്തെ വളരെ ഇഷ്ടമായിരുന്നു, എന്നാല്‍ സുരക്ഷിതത്വം തോന്നാത്ത സ്ഥലത്ത് ഇനി സന്ദര്‍ശനം നടത്താനാവില്ലെന്നും അവര്‍ പറയുന്നു.
വളരെയധികം ആള്‍ക്കാരാണ് ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നതും ഇതിനടിയില്‍ കമന്റുകളുമായി എത്തിയിരിക്കുന്നതും. തങ്ങള്‍ക്കും ഇത്തരം അനുഭവം നേരിടേണ്ടി വന്നുവെന്നാണ് അവരൊക്കെ പറയുന്നത്.

