ന്യൂഡല്‍ഹി: അശേഷം അന്തരീക്ഷ മലിനീകരണമില്ലാത്ത പൊതുഗതാഗതം എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ അടുക്കുന്നു. എമിഷന്‍ പൂര്‍ണമായി അവസാനിപ്പിക്കുന്ന ഇന്ധനമായി ഹൈഡ്രജനാണ് പ്രതീക്ഷ തരുന്നത്. ഹൈഡ്രജന്‍ ഉപയോഗിച്ച് പ്രകൃതി സൗഹൃദ പൊതുഗതാഗതം സാധ്യമാക്കുന്നതിന്റെ പരീക്ഷണങ്ങള്‍ നിര്‍ണായക ഘട്ടത്തിലേക്ക്. ഇന്ത്യനോയിലും ടാറ്റയും സംയുക്തമായി നടത്തുന്ന ഗവേഷണമാണ് അവസാന ഘട്ടത്തിലെത്തിയിരിക്കുന്നത്. ഹൈഡ്രജന്‍ ഇന്ധന സെല്ലുകളിലൂടെയായിരിക്കും ഇത്തരം വാഹനങ്ങള്‍ പ്രവര്‍ത്തിക്കുക. എന്‍ജിന്‍ പ്രവര്‍ത്തിക്കുന്നതിനുള്ള ഊര്‍ജം ഹൈഡ്രജനെ വൈദ്യുതിയാക്കി മാറ്റുന്നതിലൂടെയായിരിക്കും ലഭിക്കുക.
ഇത്തരം വാഹനങ്ങള്‍ പുകയോ വിഷമയമായ വാതകങ്ങളോ പുറന്തള്ളില്ല, പകരം ശുദ്ധമായ ജലം നീരാവിയായി പുറത്തേക്കു വരും. ഇവ പ്രവര്‍ത്തിക്കുമ്പോള്‍ ശബ്ദ മലിനീകരണവും സംഭവിക്കുന്നില്ല. പരീക്ഷണാടിസ്ഥാനത്തില്‍ ഓടിയ വാഹനങ്ങളെല്ലാം ആശാവഹമായ ഫലങ്ങളാണ് പുറത്തു വിടുന്നത്. ടാറ്റ മോട്ടോഴ്‌സാണ് ഇതിനായുള്ള വാഹനം നിര്‍മിച്ചിരിക്കുന്നത്.
ഇത്തരം ബസുകള്‍ക്ക് ഒന്നര കോടി രൂപയോളമാണ് ചെലവു വരുന്നത്. നിലവിലെ കണക്കു പ്രകാരം ഒരു കിലോ ഹൈഡ്രജന്‍ വാതകം ഉല്‍പാദിപ്പിക്കണമെങ്കില്‍ 140 രൂപയാണ് ചെലവ്. ഒരു കിലോഗ്രാം ഹൈഡ്രജന്‍ ഉപയോഗിച്ച് കാറുകള്‍ക്കാണെങ്കില്‍ നൂറു കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാവും. ബസുകള്‍ക്ക് മൈലേജ് ഇതില്‍ കുറവായിരിക്കും. ഇതിനായുള്ള ചാര്‍ജിങ് സ്‌റ്റേഷനുകളില്‍ നിന്ന് ചാര്‍ജ് ചെയ്ത് യാത്ര ചെയ്യുകയുമാകാം.

