മുംബൈ: ഇന്ത്യയിലെ പ്രാരംഭ ഓഹരി വില്പന (ഐപിഒ) രംഗത്തിന് ഈമാസം കരുത്തു തെളിയിക്കുന്നതിനുള്ളത്. മൊത്തം 44000 കോടി രൂപയുടെ ഓഹരികളാണ് വിവിധ കമ്പനികള്‍ വിപണിയില്‍ വിറ്റഴിക്കുന്നത്. ഇന്ത്യന്‍ ഓഹരി വിപണിയുടെ തന്നെ ചരിത്രത്തിലെ ശ്രദ്ധേയമായ രണ്ട് ഐപിഓകളാണ് ഈയാഴ്ച മാത്രം നടക്കുന്നത്. ടാറ്റ ഗ്രൂപ്പിന്റെ കീഴിലുള്ള ടാറ്റ കാപിറ്റല്‍ എന്ന ധനകാര്യ സ്ഥാപനം, ആഗോള ഇലക്ട്രോണിക്സ് കോര്‍പ്പറേഷനായ എല്‍ജിയുടെ ഇന്ത്യന്‍ വിഭാഗമായ എല്‍ജി ഇലക്ട്രോണിക്സ് ഇന്ത്യ ലിമിറ്റഡ് എന്നിവയുടെ മെഗാ ഓഹരി വില്പന ഈയാഴ്ചയാണ് നടക്കുന്നത്. ടാറ്റയുടെ ഓഹരി വില്പന ഇന്നലെ ആരംഭിച്ചെങ്കില്‍ എല്‍ജിയുടേത് ഇന്നാരംഭിക്കും. ഒക്ടോബര്‍ എട്ടുവരെയാണ് ടാറ്റയുടെ ഐപിഒ. 15,512 കോടി രൂപ വിപണിയില്‍ നിന്നു സമാഹരിക്കാനാണ് ടാറ്റ ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ ഓഹരി വിപണിയുടെ ചരിത്രത്തിലെ രണ്ടാമത്തെ വലിയ ഐപിഒ ആണിത്. ഓഹരി ഒന്നിന് 310 രൂപ മുതല്‍ 326 രൂപ വരെയാണ് വില. ഇന്നു മുതല്‍ ഒക്ടോബര്‍ ഒമ്പതു വരെയാണ് എല്‍ജിയുടെ ഓഹരി വില്പന. 11,607 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യം. ഓഹരി ഒന്നിന് 1080 രൂപ മുതല്‍ 1140 രൂപ വരെയാണ് വില. ടാറ്റയ്ക്കും എല്‍ജിക്കും പുറമെ ഫാര്‍മ മേഖലയിലെ പ്രമുഖരായ റൂബികോണ്‍ റിസര്‍ച്ച്, ആനന്ദം ഹൈവേസ് ട്രസ്റ്റ് എന്നിവയും ഈ മാസം ഐപിഒയുമായി എത്തുന്നുണ്ട്.
ടാറ്റയും എല്‍ജിയും ഈയാഴ്ച, ഇന്ത്യന്‍ ഐപിഒ വിപണിക്ക് ഒക്ടോബറില്‍ തിളക്കമേറുന്നു

