ഹോബാര്‍ട്ട്: ടാസ്മാനിയയില്‍ അതിശക്തമായ കൊടുങ്കാറ്റും പേമാരിയും. മരം കടപുഴകി വീണ് രണ്ടു പേര്‍ മരിക്കുകയും ഒരു പ്രദേശമാകെ വൈദ്യുതി മുടങ്ങുകയും ചെയ്തു. ഇരുപതിനായിരത്തോളം വീടുകളും സ്ഥാപനങ്ങളുമാണ് അന്ധകാരത്തിലായതെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റ് ഓസ്‌ട്രേലിയന്‍ നഗരങ്ങളിലും സംസ്ഥാനങ്ങളിലും കൊടുങ്കാറ്റും പേമാരിയുമുണ്ടായെങ്കിലും ഏറ്റവും വലിയ നാശം വിതച്ചിരിക്കുന്നത് ടാസ്മാനിയയിലാണ്. വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം വടക്കു പടിഞ്ഞാറന്‍ ടാസ്മാനിയയില്‍ ഒരു പുരയിടത്തിലേക്ക് മരം കടപുഴകി വീണതിന് അടിയില്‍ പെട്ടാണ് രണ്ടുപേര്‍ക്ക് ജീവാപായമുണ്ടായത്. കനത്ത കാറ്റില്‍ ടാസ്മാനിയയിലെ മേഴ്‌സി കമ്യൂണിറ്റി ആശുപത്രിക്കും നാശനഷ്ടമുണ്ടായെങ്കിലും ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടില്ല. ആംബുലന്‍സുകളും മറ്റും പുറത്തിറക്കാനാവാത്ത അവസ്ഥയിലായിരുന്നു. ചികിത്സയ്ക്കായി പുതിയ രോഗികളെ സ്വീകരിക്കുന്നതിനുമായില്ല.
ടാസ്മാനിയയില്‍ കൊടുങ്കാറ്റും പേമാരിയും, മരം വീണ് രണ്ടു മരണം, വൈദ്യുതി മുടങ്ങി

