മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഹിസ്‌റ്റോറിക്കല്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയിരിക്കുന്ന എആര്‍എ ചരിത്ര നോവല്‍ പുരസ്‌കാരത്തിന് റോബീ ആര്‍നോട്ടും ടാസ്മ വാള്‍ട്ടനും അര്‍ഹരായി. ഒരു ലക്ഷം ഡോളറിന്റെ സമ്മാനത്തുക ഇവര്‍ ഇരുവരും ചേര്‍ന്ന് പങ്കിട്ടെടുക്കും. ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരമാണിത്. എആര്‍എ ഗ്രൂപ്പുമായി ചേര്‍ന്നാണ് ഹിസ്റ്റോറിക്കല്‍ സൊസൈറ്റി ഈ അവാര്‍ഡ് നല്‍കുന്നത്.
അമ്പതു വര്‍ഷത്തിനപ്പുറമുള്ള ഏതെങ്കിലും സംഭവത്തെ ആസ്പദമാക്കി രചിച്ച നോവലുകളാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. ആര്‍നോട്ടിന്റെ നാലാമത്തെ നോവലായ ഡസ്‌ക് ഓസ്‌ട്രേലിയയിലെ തദ്ദേശീയ ജനതയുടെ മേല്‍ അധിനിവേശത്തിനെത്തിയ വെള്ളക്കാര്‍ ഏല്‍പിച്ച നശീകരണ സ്വഭാവമുള്ള മുറിവുകളുടെ കഥയാണ് പറയുന്നത്. തദ്ദേശീയ ജനതയുടെ ജീവിതവും ജീവിത രീതികളും ഏതു വിധത്തിലാണ് നശിപ്പിക്കപ്പെട്ടത് എന്നതിന്റെ പ്രതീകാത്മകവും വൈകാരികവുമായ വിവരണമാണ് നോവലിലുള്ളത്. ഐറിസ് എന്നും ഫ്‌ളോയിഡ് എന്നും പേരായ രണ്ടു മുതിര്‍ന്ന ഇരട്ടകള്‍ ടാസ്മാനിയയില്‍ വേട്ടയാടി നടക്കുന്ന ജീവിതത്തിലേക്കാണ് വെള്ളക്കാരുടെ അധിനിവേശമെത്തുന്നത്. അതിന്റെ കഥയാണ് ഡസ്‌ക് എന്ന നോവല്‍.
വളരെ വ്യക്തിപരമായ സ്വഭാവത്തിലുള്ള ഐ ആം നന്നര്‍ട്ട്ഗാരൂക്ക് എന്ന നോവലിനാണ് വാള്‍ട്ടന്‍ സമ്മാനാര്‍ഹയായത്. തന്റെ മുതുമുതു മുത്തശ്ശിയുടെ കഥയാണ് ഈ നോവലില്‍ ഗ്രന്ഥകാരി പറയുന്നത്. 1830ല്‍ ഒരു മീന്‍ വ്യാപാരി തട്ടിക്കൊണ്ടുപോയതാണ് വാള്‍ട്ടന്റെ മൂന്നു തലമുറ മുമ്പുള്ള മുത്തശ്ശിയെ. പിന്നീട് അയാള്‍ ഇവരെ അടിമച്ചന്തയില്‍ വില്‍ക്കുകയായിരുന്നു. അങ്ങേയറ്റം ഹൃദയാവര്‍ജകമായ രീതിയില്‍ ചരിത്ര പശ്ചാത്തലത്തില്‍ വളരെ ഗാര്‍ഹികമായ ഒരു കഥയെ അവതരിപ്പിക്കുന്നു എന്നതാണ് ഈ നോവലിന്റെ പ്രത്യേകതയെന്ന് ജഡ്ജിങ് കമ്മിറ്റി അഭിപ്രായപ്പെട്ടു.
രണ്ടു നോവലില്‍ ഏത് ഏതിനെക്കാള്‍ മെച്ചമെന്നു പറയാനാവാത്തതിനാലാണ് രണ്ടിനുമായി അവാര്‍ഡ് പങ്കിട്ടു നല്‍കുന്നതെന്ന് ജഡ്ജിങ് കമ്മിറ്റി പറയുന്നു.

