അടിയൊന്നുമായിട്ടില്ലെന്ന്; ട്രംപിന്റെ വക തീരുവ വര്‍ധന ഇനിയും വരുമെന്ന് വൈറ്റ്ഹൗസ് സൂചന

വാഷിങ്ടണ്‍: റഷ്യയോട് അടുപ്പം കാണിക്കുന്ന ഒരു രാജ്യത്തെയും വെറുതെ വിടാനില്ല എന്ന പ്രതികാര ചിന്ത അനുദിനം വളര്‍ത്തിക്കൊണ്ടു വരുന്നതിന്റെ സൂചനയാണ് വൈറ്റ്ഹൗസുമായും ട്രംപുമായും ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്നു കിട്ടുന്നത്. ഇതനുസരിച്ച് ഇന്ത്യയ്ക്കും മറ്റും എതിരായ വാശിപ്പുറത്തുള്ള തീരുവ ഇനിയും ഉയര്‍ത്തുമെന്ന സൂചനകളാണ് ലഭിക്കുന്നത്. നിലവില്‍ അമ്പതു ശതമാനം തീരുവ ഇന്ത്യയ്‌ക്കെതിരേ ചുമത്തുന്നതിനു പുറമെയായിരിക്കും അടുത്ത അടി കൂടി വരാന്‍ പോകുന്നതെന്നാണ് കരുതപ്പെടുന്നത്.
അമേരിക്കയ്ക്ക വേണ്ടത് റഷ്യയെയാണ്. അല്ലാതെ ഇന്ത്യയെയും ബ്രസീലിനെയുമൊന്നുമല്ല, ആര്‍ക്കടിച്ചാലാണോ റഷ്യയ്ക്ക് നോവുന്നത് അവരെ അടിക്കുക എന്നൊരു പഴയ മാടമ്പി തന്ത്രത്തിന്റെ ആവിഷ്‌കരണം, അതാണ് ഇന്ത്യയും ബ്രസീലുമൊക്കെ ഇപ്പോള്‍ നേരിടുന്നത്. യുഎസിനൊപ്പം യൂറേപ്യന്‍ യൂണിയന്‍ കൂടി ഇന്ത്യയെയും മറ്റും പൂട്ടാനിറങ്ങിയാല്‍ റഷ്യന്‍ എണ്ണയുടെ കച്ചവടം മുട്ടി റഷ്യ മുട്ടുകുത്തും. അതാണ് ട്രംപിന്റെ മനസിലിരുപ്പ്.
ഇതുകൂടാതെ ട്രംപിന്റെ ചൊരുക്ക് കൂടാന്‍ മറ്റൊരു കാരണം കൂടി തല്‍ക്കാലം ഉണ്ടായിട്ടുണ്ട്. ട്രംപ് ഭരണകൂടത്തിന്റെ പ്രതികാര നടപടിക്കെതിരേ ബ്രസീലിന്റെ മുന്‍കൈയില്‍ ബ്ിക്‌സ് ഉച്ചകോടി ഓണ്‍ലൈനായി കൂടാന്‍ പോകുകയാണ്. ബ്രസീല്‍ പ്രസിഡന്റ് ലുല ദ സില്‍വയാണ് വിര്‍ച്വല്‍ യോഗം വിളിച്ചിരിക്കുന്നത്. ഇതില്‍ ഇന്ത്യയെ പ്രതിനീധീകരിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പങ്കെടുക്കുന്നുമുണ്ട്. മറ്റാരൊക്കെ പങ്കെടുക്കുമെന്ന് ഇതുവരെ ഉറപ്പായിട്ടില്ല. എന്തായാലും ഈ യോഗം ട്രംപിനെതിരു തന്നെയാണ്. ബ്രസീലും ഇന്ത്യയും റഷ്യയും ചൈനയും തന്നെയാണല്ലോ ബ്രിക്‌സിലെ പ്രധാന അംഗരാജ്യങ്ങള്‍ ഇവരെല്ലാം ട്രംപിന്റെ ശത്രുചേരിയിലുമാണിപ്പോള്‍. അതിന്റെ കൂടി ചൊരുക്കാണ് ട്രംപ് വീണ്ടും തീരുവ ഉയര്‍ത്തുന്ന്തിലൂടെ തീര്‍ക്കാന്‍ പോകുന്നതും.